ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ നിന്ന് പലതരത്തില്‍ കേരളം വേറിട്ടുനില്ക്കുന്നു. വിദ്യാഭ്യാസം,
ആരോഗ്യം എന്നിവയുടെ സൂചകങ്ങളില്‍ മുന്നിലാണ് നമ്മള്‍. സംസ്ഥാനത്തിന് പുറത്തുള്ളവര്‍ ശ്രദ്ധിക്കുന്ന മറ്റൊരു കാര്യം ഇവിടത്തെ പച്ചപ്പും നദികള്‍, തോടുകള്‍, കായലുകള്‍, തണ്ണീര്‍ത്തടങ്ങള്‍
എന്നിവയുടെ ബാഹുല്യവും ആണ്. കേരളത്തിന്റെ കിഴക്കന്‍ അതിര്‍ത്തിയായ പശ്ചിമഘട്ടം വെറും അതിര് മാത്രമല്ല നമ്മുടെ ജലശേഖരവും വനശേഖരവും കൂടിയാണ്. വനസമ്പത്ത് ഫലത്തില്‍ ജലസമ്പത്ത് കൂടിയാണെന്നാണ് എല്ലാ പഠനങ്ങളും കാണിക്കുന്നത്. ഒരു ഹെക്ടര്‍ വനം ഏകദേശം 45
ലക്ഷം ലിറ്റര്‍ ജലം മഴക്കാലത്ത് ഭൂമിക്കടിയിലെത്തിക്കാന്‍ സഹായിക്കുന്നുവെന്നതിനേക്കാള്‍ അതിന്റെ പ്രയോജനം വേറെ അന്വേഷിക്കേണ്ടതില്ല.
കേരളത്തില്‍ ഇത്തവണ കാലവര്‍ഷം മുന്‍വര്‍ഷങ്ങളിലെ ശരാശരിയെക്കാള്‍ കുറവായിരുന്നു.
തുലാവര്‍ഷം പലേടത്തും നന്നേ മോശമായിരുന്നു. ഇന്ത്യന്‍ മിറ്റിരിയോളജിക്കല്‍ വകുപ്പിന്റെ കണക്കുപ്രകാരം 2016 ജൂണ്‍ 1 മുതല്‍ സെപ്തംബര്‍ 30 വരെയുള്ള കാലത്ത് സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 34% കുറവുണ്ടായിട്ടുണ്ട്. ഒക്‌ടോബര്‍ 1 മുതല്‍ ഡിസംബര്‍ 12 വരെയുള്ള തുലാവര്‍ഷമഴയുടെ കാലത്താകട്ടെ, ഈ കുറവ് 62% വരും. മഴയുടെ ഈ കുറവ് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയിലും കാലാവസ്ഥയിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരുംനാളുകളില്‍ സൃഷ്ടിക്കുമെന്നത് തീര്‍ച്ചയാണ്.
ഇവയില്‍, ഒരുപക്ഷെ, ഏറ്റവും പ്രധാനപ്രശ്‌നം കുടിവെള്ളത്തിന്റെതായിരിക്കും. സംസ്ഥാനത്തെ കിണറുകളില്‍ ഇപ്പോള്‍ത്തന്നെ ജലനിരപ്പ് താഴ്ന്നിരിക്കുന്നു. രണ്ടാംവിള നെല്‍ക്കൃഷിക്ക് പലേടത്തും വെള്ളം ലഭിക്കാന്‍ പ്രയാസം അനുഭവിച്ചുകൊണ്ടിരിക്കുന്നു. ജലസേചനത്തിന് ലഭ്യമാവുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്നതില്‍ സംശയമില്ല. അത് നമ്മുടെ കാര്‍ഷികവിളകളെ ബാധിക്കാതിരിക്കില്ല. വ്യവസായങ്ങളുടെ ഊര്‍ജസ്രോതസ്സായ വൈദ്യുതിയെ എത്രത്തോളം ബാധിക്കുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. ഇതെല്ലാം നിമിത്തം ജോലിയില്ലാതാവുകയും അതുവഴി കേരളീയരുടെ വരുമാനത്തില്‍ വന്‍കുറവ് ഉണ്ടാവുകയും ചെയ്യും.
എങ്ങനെയാണീ അവസ്ഥയെ നാം നേരിടേണ്ടത്?


ദീര്‍ഘകാല - ഹ്രസ്വകാല പരിഹാരങ്ങള്‍ ആലോചിച്ചേതീരൂ.
ദീര്‍ഘകാലാടിസ്ഥാനത്തില്‍, പെയ്യുന്ന മഴയില്‍നിന്ന് ലഭിക്കുന്ന മഴവെള്ളം പരമാവധി ഭൂമിക്കടിയില്‍ എത്തിച്ച് ഭാവിയിലേക്കുവേണ്ടി സംരക്ഷിക്കണം. അതിന് വനവത്കരണം വ്യാപകമായി ഏറ്റെടുക്കണം.
കൂടാതെ മഴക്കുഴികള്‍, തടയണകള്‍ എന്നിവ നിര്‍മിക്കല്‍, മേല്‍ക്കൂരകളില്‍നിന്ന് വെള്ളം ശേഖരിച്ച് ഭൂമിയിലേയ്ക്ക് റീചാര്‍ജ് ചെയ്യല്‍ തുടങ്ങിയവ ഏറ്റെടുക്കണം. കഴിയുന്നേടത്തെല്ലാം ജൈവപുതകള്‍ ഉണ്ടാക്കലും പരിഗണിക്കേണ്ടതുണ്ട്.
വരുന്ന മെയ്‌വരെയുള്ള അഞ്ചുമാസത്തെ ജലമാനേജ്‌മെന്റ് എങ്ങനെയാവണം? മാലിന്യരഹിതമായ കുടിവെള്ളം എല്ലാവര്‍ക്കും കിട്ടാന്‍വേണ്ടി ഇപ്പോള്‍ ലഭ്യമായ വെള്ളം തീരെ ദുരുപയോഗം ചെയ്യുന്നില്ലെന്നുറപ്പാക്കണം. ഈ മാസങ്ങളില്‍ ഇനിയെപ്പോഴെങ്കിലും മഴ പെയ്താല്‍ അത് മുഴുവന്‍ ഭൂമിയില്‍ ആഴ്ന്നിറങ്ങാന്‍ സാഹചര്യമൊരുക്കണം. നിലവിലുള്ള ജലശേഖരങ്ങളൊക്കെ വൃത്തിയായി സംരക്ഷിക്കുന്നുവെന്നുറപ്പാക്കണം. ജലശേഖരങ്ങളില്‍ ഇറങ്ങി അലക്കിയും കുളിച്ചും അത് മലിനമാക്കാതിരിക്കണം. തെങ്ങ്, വാഴ തുടങ്ങിയവയ്ക്ക് ഉപയോഗിക്കുന്ന വെള്ളം ബാഷ്പീകരിച്ച് നഷ്ടപ്പെടാതിരിക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍ കര്‍ഷകരെ പഠിപ്പിക്കണം. ഇപ്പോഴത്തെ അടിയന്തിര സ്ഥിതിവിശേഷം ഒരു അവസരമായിക്കണ്ട് പരിസ്ഥിതിസംരക്ഷണ - ജലസംരക്ഷണപാഠങ്ങള്‍ വിദ്യാലയങ്ങള്‍വഴി കുട്ടികളെയും പ്രാദേശികഭരണകൂടങ്ങള്‍ വഴി പൊതുജനങ്ങളെയും പഠിപ്പിക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന 'ഹരിതകേരളം' മിഷന്‍ വഴി സാധിക്കണം. ഈ പ്രവര്‍ത്തനങ്ങളില്‍ ശാസ്ത്രകേരളം വായനക്കാരും പുതുവത്സരദിനം മുതല്‍ക്കുതന്നെ ഊര്‍ജസ്വലതയോടെ പങ്കാളികളാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
എല്ലാ വായനക്കാര്‍ക്കും പുതുവത്സരാശംസകള്‍.

എഡിറ്റര്‍