സ്വയം ഇല്ലാതാവുന്ന പ്ലാസ്റ്റിക്


പ്ലാസ്റ്റിക്ക് ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പറഞ്ഞാല്‍ തീരില്ല. ഭൂമിയിലെ സമുദ്രങ്ങളില്‍ 250 ദശലക്ഷം ടണ്‍ പ്ലാസ്റ്റിക്കാണ് അടിഞ്ഞുകൂടിയിരിക്കുന്നത്. ഇവ സമുദ്രജീവികളെ കൊല്ലാക്കൊല ചെയ്യുകയാണ്. കരയിലോ? അവസ്ഥ അതിലും ഭീകരമാണ്. കളിപ്പാട്ടങ്ങളും നിത്യോപയോഗ സാധനങ്ങളുമായി അനുദിനം അതിന്റെ അളവു കൂടുകയാണ്. എന്താണിതിനൊരു പോംവഴി? അമേരിക്കയിലെ പെന്‍സ്‌റ്റേറ്റ് സര്‍വകലാശാലയിലെ സ്‌കോട്ട് ഫിലിപ്‌സ് എന്ന ഗവേഷകന്‍ സ്വയം നശിക്കുന്ന പ്ലാസ്റ്റിക്കുമായി രംഗത്തെത്തിയിരിക്കുന്നു. വളരെ നീണ്ട രാസശൃംഖലയുള്ള പോളിമറുകളെയാണ് പ്ലാസ്റ്റിക് എന്ന് നാം പറയുന്നത്. ഈ നീണ്ട രാസശൃംഖല വിഘടിച്ച് നശിക്കാന്‍ ഒരു നൂറ്റാണ്ടിലധികം കാലമെടുക്കും. എന്നാല്‍ ഈ രാസശൃംഖലയില്‍ ഇടയ്ക്ക്, പുറമെനിന്നും ഉദ്ദീപനങ്ങള്‍ കിട്ടുമ്പോള്‍ സ്വയം വിഘടിച്ച് ശൃംഖല തകര്‍ക്കുന്ന രാസയൂണിറ്റുകള്‍ ഉള്‍പ്പെടുത്തുകയാണ് സ്‌കോട്ട് ഫിലിപ്പ് ചെയ്തത്.
സാധാരണനിലയില്‍ ഇത്തരം പോളിമര്‍ (പ്ലാസ്റ്റിക്) കൊണ്ടുണ്ടാക്കിയ കളിപ്പാട്ടങ്ങളും സാധനങ്ങളും നിലനില്‍ക്കും. എന്നാല്‍ അള്‍ട്രാവയലറ്റ് കിരണങ്ങള്‍പോലെയുള്ള ഉദ്ദീപനങ്ങള്‍ ലഭിച്ചാല്‍ അവ സ്വയം വിഘടിച്ചു തകരും. ഹൈഡ്രജന്‍ പെറോക്‌സൈഡ്, ഫ്‌ളൂറൈഡ് തുടങ്ങിയവയും ഉദ്ദീപനകാരികളായി ഉപയോഗിക്കാം.
മറ്റൊരു പരീക്ഷണത്തില്‍, ജലത്തില്‍ ലയിക്കാത്ത ഒരു പോളിമര്‍ ചില പ്രത്യേക പ്രകാശതരംഗങ്ങള്‍ തട്ടിയപ്പോള്‍ വിഘടിച്ച് ജലത്തില്‍ ലയിക്കുന്നതായി മാറിയതായി കണ്ടു.
പ്ലാസ്റ്റിക്കിനെ സ്വയം നശിപ്പിക്കുന്നതിന് പകരം പുനഃചംക്രമണം നടത്തി കൂടുതല്‍ ഗുണമുള്ളതാക്കാനും ഗവേഷകര്‍ ശ്രമിക്കുന്നുണ്ട്. വെള്ളക്കുപ്പി, സ്മാര്‍ട്ട് ഫോണുകളുടെ ബോഡി, ഉപയോഗശൂന്യമായ സി.ഡികള്‍ എന്നിവയെ പുനഃചംക്രമണം ചെയ്ത് കൂടുതല്‍ ശുദ്ധമായ പ്ലാസ്റ്റിക്കും പശകളും ഉണ്ടാക്കാന്‍ ഗവേഷകര്‍ ശ്രമിക്കുന്നുണ്ട്. പ്ലാസ്റ്റിക് എന്ന 'മഹാമാരി' ഭാവിയില്‍ സ്വയം ഇല്ലാതാവും എന്നു കരുതാം.

തിമിംഗലങ്ങളുടെ പാട്ടും ഡാന്‍സും


തിമിംഗലങ്ങള്‍ സമുദ്രോപരിതലത്തില്‍ നിന്ന് ഉയര്‍ന്നുപൊങ്ങി വെള്ളത്തിലേക്ക് വീഴുന്നതും വാലുകൊണ്ട് സമുദ്രജലം അടിച്ചുപൊളിക്കുന്നതും കാണേണ്ട കാഴ്ചതന്നെയാണ്. തിമിംഗല നിരീക്ഷകര്‍ (whale watchers) ഇതു കാണാന്‍ കാത്തുനില്‍ക്കാറുണ്ട്. അവ വെറുതെ ചാടിക്കളിക്കുകയാണോ? അതോ തിമിംഗലക്കൂട്ടായ്മകളില്‍ പാട്ടും ഡാന്‍സും നടക്കുകയാണോ?
കൂനന്‍ തിമിംഗലങ്ങളില്‍ (humpback whales) ആണുങ്ങള്‍ പാട്ടുപാടാറുണ്ട്. പെണ്‍തിമിംഗലങ്ങളെ സന്തോഷിപ്പിച്ച് ആകര്‍ഷിക്കാനാണ് ഈ പാട്ടുപാടല്‍. എന്നാല്‍ അവയുടെ ചാട്ടവും വാലും മുന്‍ചിറകുകളും കൊണ്ട് വെള്ളത്തില്‍ അടിക്കലും ഒരുതരം 'സന്ദേശമയക്കല്‍' ആണെന്നാണ് ആസ്‌ത്രേലിയയിലെ ക്വീന്‍സ്‌ലാന്റ് സര്‍വകലാശാലയിലെ അല്‍ബേ കവാന എന്ന ഗവേഷകയും പെര്‍ത്തിലെ മര്‍ഡോക് സര്‍വകലാശാലയിലെ ജോഷ്വാ സ്മിത്തും കരുതുന്നത്.
2010ലും 2011ലും അവര്‍ ക്വീന്‍സ്‌ലാന്റിന്റെ സമുദ്രതീരത്തുകൂടി ദേശാടനം ചെയ്യുന്ന 94 തിമിംഗലക്കൂട്ടങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചു പഠിച്ചു. അവ ഇടയ്ക്കിടെ ക്രമമായി സമുദ്രോപരിതലത്തിലേക്ക് കുതിച്ച് ചാടുകയും വാലിട്ടടിക്കുകയും ചെയ്യുന്നതായി അവര്‍ കണ്ടെത്തി. തിമിംഗലക്കൂട്ടം നാലു കിലോമീറ്ററെങ്കിലും ദൂരെയുള്ളപ്പോഴാണ് ഈ ചാട്ടവും വീഴലും വാലിട്ടടിക്കലും. മറ്റൊരു തിമിംഗലക്കൂട്ടം അടുത്താണെങ്കില്‍ ചാട്ടമില്ല, മുന്‍ചിറകുകള്‍ കൊണ്ടും വാലുകൊണ്ടുമുള്ള വെള്ളത്തിലടിമാത്രമെ ഉള്ളൂ.
പുതിയ തിമിംഗലങ്ങള്‍ കൂട്ടത്തില്‍ ചേരുന്നതിന് മുമ്പും ചിലവ കൂട്ടം വിട്ടുപോകുന്നതിനു മുമ്പും മുന്‍ചിറകുകളും വാലുംകൊണ്ടുള്ള അടികള്‍ വളരെ വര്‍ധിക്കുന്നതായും ഗവേഷകര്‍ നിരീക്ഷിച്ചു.
മുരളല്‍, ചീറ്റല്‍, ഒരുതരം 'കുരയ്ക്കല്‍' എന്നിവയൊക്കെ തിമിംഗലങ്ങളുടെ ആശയവിനിമയ രീതികളാണെന്ന് ജീവശാസ്ത്രജ്ഞര്‍ക്കറിയാം. വെള്ളത്തില്‍നിന്ന് ഉയര്‍ന്നുചാടലും വാലിട്ടടിക്കലും തിമിംഗലങ്ങള്‍ തമ്മിലുള്ള 'വിദൂര കമ്യൂണിക്കേഷന്‍ രീതി' ആണെന്നാണ് ഗവേഷകരുടെ അനുമാനം. ജന്തുലോകത്തെക്കുറിച്ച് ഇനിയും എന്തൊക്കെ നാം അറിയാനിരിക്കുന്നു!

എട്ടുകാലിയുടെ ഫാന്‍സി ഡ്രസ്സ്


ജീവലോകത്തിന്റെ വൈവിധ്യം കണ്ടാല്‍ നാം അത്ഭുതസ്തബ്ധരാകും. ഏതൊക്കെ ജീവികള്‍ എന്തൊക്കെ സൂത്രങ്ങള്‍ ഉപയോഗിച്ചാണ് ജീവിക്കുന്നത്! ചൈനയിലെ യൂനാന്‍ പ്രദേശത്തെ കാട്ടിലാണ് ഈ ഫാന്‍സി ഡ്രസ്സുകാരനെ (അതോ, ഫാന്‍സി ഡ്രസ്സുകാരിയോ) കണ്ടെത്തിയത്. പിന്നില്‍നിന്ന് നോക്കിയാല്‍ ഒരു പച്ചില, മുന്നില്‍നിന്നു നോക്കിയാല്‍ ഒരു ഉണങ്ങിയ ഇല. പോരാത്തിന് പ്ലാവിലയുടെ ഞെട്ട്‌പോലത്തെ ഒരു വാലും. കാട്ടിലെ ഇലകള്‍ക്കിടയില്‍ നിന്ന്, സ്ലോവേനിയന്‍ സയന്‍സ് അക്കാദമിയിലെ കുണ്‍ടര്‍ എന്ന ജീവശാസ്ത്രജ്ഞന് ഇതിനെ കണ്ടെത്താന്‍ കഴിഞ്ഞതുതന്നെ ഭാഗ്യം. ഇരപിടിയന്മാരില്‍ നിന്നു രക്ഷപ്പെടാനായിരിക്കും ഈ തന്ത്രം. ഇങ്ങനെ നിലനില്പിനായി അനുകരണം (mimicry) സമര്‍ത്ഥമായി ഉപയോഗിക്കുന്ന ജീവികള്‍ ധാരാളമുണ്ട്. (2016 ഒക്‌ടോബറിലെ ശാസ്ത്രകേരളം പേ. 6 കാണുക.) ഉണങ്ങിയ കമ്പുകള്‍ പോലുള്ള പ്രാണികളും മറ്റും ഇതുതന്നെയാണ് ചെയ്യുന്നത്. പക്ഷെ ഈ ഫാന്‍സി ഡ്രസ്സുകാരന്‍ ഒരു പടികൂടി മുന്നോട്ട് പോയി. ഇത് ജീവിക്കുന്ന, നിലത്തുനിന്നും ഏകദേശം 2.5 - 3 മീറ്റര്‍ ഉയരത്തിലുള്ള മരക്കൊമ്പുകളില്‍ ഈ എട്ടുകാലി ഉണങ്ങിയ ഇലകള്‍ നേര്‍ത്ത സില്‍ക്ക് നൂലുകളില്‍ തൂക്കിയിട്ടിരുന്നു. പച്ച ഇലകള്‍ തിന്നുന്ന ചെറുജീവികളില്‍ നിന്ന് രക്ഷപ്പെടാനായിരിക്കാം ഉണങ്ങിയ ഇല തൂക്കിയിടുന്നത് എന്നാണ് ഗവേഷകര്‍ അനുമാനിക്കുന്നത്.

തമോഗര്‍ത്തത്തിന്റെ പിറവി നിരീക്ഷിച്ചു


ചില നക്ഷത്രങ്ങളുടെ മരണത്തിന്റെ അവസാന ഘട്ടമാണ് തമോഗര്‍ത്തങ്ങള്‍ എന്ന് നമുക്കറിയാം. നമ്മുടെ ആകാശഗംഗയുടെ നടുക്ക് ഒരു ഭീമന്‍ തമോഗര്‍ത്തമുണ്ടെന്നും കൂറ്റന്‍ നക്ഷത്രങ്ങള്‍ ഭക്ഷിക്കപ്പെടാന്‍ തയ്യാറായി ഈ തമോഗര്‍ത്തത്തിനുചുറ്റും വലംവെച്ചുകൊണ്ടിരിക്കുകയാണെന്നും ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു. ഒരു പ്രാപഞ്ചിക ബകന്‍ തന്നെ! ഇതൊക്കെയും പല വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള അനുമാനങ്ങളാണ്. ഒരു തമോഗര്‍ത്തത്തെയും ഇതുവരെയും നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വലിയൊരു പ്രശ്‌നം.
ഇപ്പോഴിതാ, ഒഹായോ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞനായ ക്രിസ്‌റ്റോഫര്‍ കൊഷാനെയും സംഘവും ഒരു തമോഗര്‍ത്തത്തിന്റെ പിറവിക്ക് സാക്ഷ്യം വഹിച്ചതായി അവകാശപ്പെടുന്നു. അതിനവരെ സഹായിച്ചതോ ഹബിള്‍ ടെലസ്‌കോപ്പും. രണ്ടുകോടി പ്രകാശവര്‍ഷം അകലെയുള്ള ച6946ആഒ1 എന്ന ചുവപ്പു ഭീമന്‍ നക്ഷത്രമാണ് തമോഗര്‍ത്തമായി തകര്‍ന്നടിഞ്ഞത്.
2004-ല്‍ ആണ് സൂര്യന്റെ 25 മടങ്ങ് ദ്രവ്യമാന(mass)മുള്ള N6946--BH1 നെ ആദ്യമായി നിരീക്ഷിക്കുന്നത്. 2009-ല്‍ കുറച്ച് മാസങ്ങള്‍ ഈ നക്ഷത്രം സൂര്യനെക്കാള്‍ ദശലക്ഷം മടങ്ങ് പ്രകാശം ചൊരിഞ്ഞ് നിന്നതിന് ശേഷം ക്രമത്തില്‍ പ്രകാശം കുറഞ്ഞ് അപ്രത്യക്ഷമായി. ഇപ്പോള്‍ ദൃശ്യപ്രകാശത്തിലൂടെ നിരീക്ഷിച്ചപ്പോള്‍ ഹബിളിന് നക്ഷത്രത്തെ കാണാനേ കഴിഞ്ഞില്ല. ഇന്‍ഫ്രാറെഡിലൂടെ നിരീക്ഷിച്ചപ്പോള്‍ ഒരു ചെറിയ ബിന്ദു മാത്രമെ കാണാന്‍ കഴിഞ്ഞുള്ളൂ. ഈ അപ്രത്യക്ഷമാകല്‍ ഒരു തമോഗര്‍ത്തത്തിന്റെ പിറവി ആണെന്നാണ് ക്രിസ്റ്റോഫര്‍ കൊഷാനെക്കിന്റെ പ്രസ്താവം. പുതുതായി ജന്മംകൊണ്ട ഈ തമോഗര്‍ത്തം ഏതെങ്കിലും നക്ഷത്രത്തെ വിഴുങ്ങിയാല്‍ ധാരാളം എക്‌സ് കിരണങ്ങള്‍ പൊഴിക്കും. അങ്ങനെ സംഭവിക്കുന്നുണ്ടോ എന്നറിയാന്‍ ചന്ദ്രാ എക്‌സ് റെ ടെലസ്‌കോപ്പിന്റെ സഹായം തേടിയിരിക്കയാണ് ശാസ്ത്രജ്ഞര്‍.