ഈ ഭൂമുഖത്തുള്ള മൃഗങ്ങളും മനുഷ്യരും തങ്ങളുടെ ഭക്ഷണത്തിന് നേരിട്ടോ അല്ലാതെയോ സസ്യങ്ങളെ ആശ്രയിക്കുന്നു. എന്നാല്‍ ഏകകോശജീവികള്‍, സൂക്ഷ്മജീവികള്‍, സസ്യങ്ങള്‍ എന്നിവ പോഷണത്തിന് ആശ്രയിക്കുന്നത് മണ്ണിനെയാണ്. മണ്ണില്‍ സസ്യാവശിഷ്ടങ്ങള്‍ വിഘടിച്ചുണ്ടാകുന്ന ജൈവാംശവും പോഷകങ്ങളും മണ്‍തരികള്‍ക്കിടയില്‍ സംഭരിച്ചിരിക്കുന്ന ജലവും വായുവും മണ്ണിനെ ജീവന്റെ ഉറവിടമാക്കി മാറ്റുന്നു.
കൃഷിയും ജൈവാവശിഷ്ടങ്ങളും
വാണിജ്യാടിസ്ഥാനത്തില്‍ ലാഭംമാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ള വികലമായ കാര്‍ഷികരീതി
കള്‍ പ്രകൃതിവിഭവങ്ങളായ മണ്ണ്, ജലം എന്നിവയെ മലിനീകരിക്കും. അതുവഴി ഭൂമിയുടെ ഉല്പാദനക്ഷമതയും കുറയുന്നു. ശാസ്ത്രീയരീതികള്‍ സ്വീകരിക്കാതെയുള്ള കീടരോഗനീയന്ത്രണ മാര്‍ഗങ്ങള്‍ പരിസര മലിനീകരണത്തിനും ഇടയാക്കുന്നു.
മണ്ണില്‍ ജൈവാംശം കൂടുന്തോറും മണ്ണിലെ ഊര്‍ജവും വളക്കൂറും അതിലെ ജലത്തിന്റെയും മൂലകങ്ങളുടെയും സംഭരണ-വിനിമയശേഷി (water holding capacity, cation exchange capacity) യും വര്‍ധിക്കും. പരിസ്ഥിതി മലിനീകരിക്കുന്ന വിഷവസ്തുക്കളെ വിഘടിപ്പിക്കുന്ന സൂക്ഷ്മജീവികളും മണ്ണിന് നല്ലതാണ്. എന്നാല്‍, രോഗഹേതുക്കളായ അണുക്കളുടെ അളവ് ആരോഗ്യമുള്ള മണ്ണില്‍ തുലോം കുറവായിരിക്കും. അതിനാല്‍ കൃഷിയിലെ മാലിന്യം എന്നു പറയാവുന്നത് ജൈവാവശിഷ്ടങ്ങള്‍ തന്നെയാണ്. ഒട്ടുമിക്ക കൃഷിയിടങ്ങളിലും കൃഷിയില്‍നിന്ന് ലഭിക്കുന്ന ജൈവാവശിഷ്ടങ്ങള്‍ കൃഷിക്കു വിനിയോഗിക്കാതെ കത്തിച്ചുകളയുന്നത് പരിസരമലിനീകരണത്തിനും കാരണമാകുന്നുണ്ട്.

മാലിന്യത്തില്‍നിന്ന് ജൈവവളം


കൃഷിയില്‍നിന്ന് ഉല്പാദിപ്പിക്കപ്പെടുന്ന ഖരമാലിന്യങ്ങള്‍ ഭൂരിഭാഗവും ജൈവമാലിന്യങ്ങളായതിനാല്‍ ഇവയെ വിഘടിപ്പിച്ച് ജൈവവളമായി പുനരുപയോഗിക്കുക എന്നതാണ് ഏറ്റവും ഫലപ്രദം. വലിയതോതില്‍ ലഭ്യമാകുന്ന ഇത്തരം മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ത്തന്നെ മാലിന്യസംസ്കരണ യൂനിറ്റുകള്‍ സ്ഥാപിച്ചുകൊണ്ട് സംസ്കരണം നടത്താം. ജൈവ-ഖരമാലിന്യങ്ങളിലെ സങ്കീര്‍ണരാസഘടകങ്ങളായ ലിഗ്നിന്‍, സെല്ലുലോസ് എന്നിവയെ വിഘടിപ്പിച്ച് പോഷകസംയുക്തങ്ങളാക്കുന്ന പ്രക്രിയയാണ് കമ്പോസ്റ്റിങ്.
കാലിവളം, പച്ചച്ചാണകം, ബയോഗ്യാസ് സ്ലറി, മണ്ണിര കമ്പോസ്റ്റ്, ചകിരിച്ചോര്‍ കമ്പോസ്റ്റ്, മത്സ്യവളം, കോഴിവളം, ചാരം, പിണ്ണാക്ക്, പച്ചിലവളം, എല്ലുപൊടി, റോക്ക് ഫോസ്‌ഫേറ്റ് എന്നിവയാണ് പ്രധാന ജൈവവളങ്ങള്‍. ചാണകം, ഗോമൂത്രം, വൈക്കോല്‍, തീറ്റപ്പുല്ലിന്റെ അവശിഷ്ടങ്ങള്‍ എന്നിവ കൂടിച്ചേര്‍ന്നു ലഭിക്കുന്നതാണ് കാലിവളം.
വിവിധതരത്തിലുള്ള കമ്പോസ്റ്റ് നിര്‍മാണരീതികളെല്ലാം ജൈവാവശിഷ്ടങ്ങളുടെ കാര്‍ബണ്‍, നൈട്രജന്‍ അനുപാതം കുറയ്ക്കുന്നതിനാണ്. ഇതില്‍ സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തനത്തെ ത്വരിതപ്പെടുത്തുന്നതിനായി പച്ചച്ചാണകമാണ് കമ്പോസ്റ്റ് നിര്‍മാണപ്രക്രിയ തുടങ്ങുന്നതിന് ഉപയോഗിക്കുന്നത്.
കമ്പോസ്റ്റ് നിര്‍മാണത്തില്‍ പല മാതൃകകളുണ്ട്.


കമ്പോസ്റ്റിങ്ങിലെ ഇന്‍ഡോര്‍,
കോയമ്പത്തൂര്‍ മാതൃകകള്‍


സസ്യാവശിഷ്ടങ്ങള്‍ ചാണകക്കുഴമ്പ്, ഗോമൂത്രം, ചാരം എന്നിവ ചേര്‍ത്ത് ഒരു സ്ഥലത്ത് കൂട്ടിയിട്ടശേഷം ചാണകം കുഴമ്പ് പരുവത്തില്‍ ഒഴിച്ച് ഈ മിശ്രിതം ആവശ്യമായ നീളത്തില്‍ ഒരു മീറ്റര്‍ വീതിയിലും ഒരു മീറ്റര്‍ ഉയരത്തിലും ഒതുക്കിവെക്കുന്നു. വായുസഞ്ചാരം ക്രമപ്പെടുത്തുന്ന തിനും സൂക്ഷ്മജീവികളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുമായി ഇടയ്ക്കിടെ ഇളക്കിക്കൊടുക്കുകയും ചെയ്യുന്നു. ഏതാണ്ട് മൂന്നുമാസംകൊണ്ട് ഗുണമേന്മയുള്ള കമ്പോസ്റ്റ് ഇത്തരത്തില്‍ ഉല്പാദിപ്പിക്കാം. ഇന്‍ഡോര്‍ മാതൃക എന്നാണ് ഇത് അറിയപ്പെടുന്നത്.
കോയമ്പത്തൂര്‍ മാതൃകയില്‍ ആവശ്യമായ നീളത്തിലും 2 മീ. വീതിയിലും 1 മീ. ആഴത്തിലും കുഴിയെടുക്കണം. അതില്‍ 15 സെ.മീ. കനത്തില്‍ ജൈവവസ്തുക്കള്‍ ഇട്ട് 5 സെ.മീ. കനത്തില്‍ ചാണകക്കുഴമ്പ് തളിച്ചശേഷം അതിനുമുകളില്‍ എല്ലുപൊടി വിതറുന്നു. ഇപ്രകാരം അട്ടിയട്ടിയായി തറനിരപ്പില്‍നിന്നും 50 സെ.മീ. ഉയരംവരെ ജൈവവസ്തുക്കള്‍ നിക്ഷേപിച്ച് ചെളി ഉപയോഗിച്ച് നന്നായി പൊതിയുന്നു. ഒരു മാസത്തിനുശേഷം ചെളി മാറ്റി ഓക്സിജന്റെ ലഭ്യതയ്ക്കായി ജൈവവസ്തുക്കള്‍ ഇളക്കിച്ചേര്‍ക്കുന്നു. 5 മാസംകൊണ്ട് ഗുണമേന്മയുള്ള കമ്പോസ്റ്റ് തയ്യാറാക്കാം.

തുമ്പൂര്‍മുഴി മാതൃക


1.2 മീ. നീളവും വീതിയും ഉയരവുമുള്ള വായു സഞ്ചാരമുള്ള ഫെറോസിമന്റ് ബിന്നുകളിലാണ് ഈ രീതിയില്‍ കമ്പോസ്റ്റ് നിര്‍മിക്കുന്നത്. ബിന്നില്‍ ഏറ്റവും ചുവടെ ഏകദേശം 7.5 സെ.മീ. കനത്തില്‍ പച്ചച്ചാണകം ഇട്ടതിനുശേഷം 15 സെ.മീ. കനത്തില്‍ കരിയില/കടലാസ്, വൈക്കോല്‍ എന്നിവ ഇടുന്നു. വീണ്ടും 15 സെ.മീ കനത്തില്‍ ജൈവാവശിഷ്ടങ്ങള്‍ ഇടണം. ഈ രീതിയില്‍ ചാണകം, കരിയില/കടലാസ്/വൈക്കോല്‍, ജൈവാവശിഷ്ടങ്ങള്‍ എന്നിവയുടെ അട്ടികളായി ബിന്‍ നിറയ്ക്കുക. ഏതാണ്ട് എട്ട് അടുക്കുകള്‍ ബിന്‍ നിറയാന്‍ വേണ്ടിവരും. ഏകദേശം 3 മാസംകൊണ്ട് കമ്പോസ്റ്റ് തയ്യാറാകും.
ഇപ്രകാരം വിവിധ രീതികളിലൂടെ, കാര്‍ഷിക മാലിന്യങ്ങള്‍ തന്നെ ഉപയോഗിച്ച് കമ്പോസ്റ്റ് തയ്യാറാക്കാം. ഇതുവഴി മണ്ണിന്റെ ആരോഗ്യം ഉറപ്പാക്കാനും സൂക്ഷ്മമൂലക കമ്മിരോഗങ്ങള്‍ നിയന്ത്രിക്കാനും അങ്ങനെ കാര്‍ഷികമേഖലയില്‍ സുസ്ഥിര ഉല്പാദനം ഉറപ്പുവരുത്താനും സാധിക്കും.

*ഫോണ്‍: 9446960736