മാലിന്യങ്ങൾ ഒരു ഗുരുതര പരിസ്ഥിതിപ്രശ്നമാണ്. അഴുകുന്ന ജൈവമാലിന്യങ്ങൾ നിരവധി രോഗങ്ങൾ പടരുന്നതിനു കാരണമാകുന്നു. നമ്മുടെ ഉയര്‍ന്ന ഉപഭോഗനിരക്ക് മാലിന്യങ്ങളുടെ അളവ്‌ വർധിപ്പിക്കുവാൻ ഇടയാക്കുന്നുണ്ട്‌. ‘എന്റെ മാലിന്യം എന്റെ ഉത്തരവാ ദിത്വം’ എന്ന തിരിച്ചറിവിന്റെ പിൻബലത്തിൽ ഉറവിടങ്ങളിൽത്തന്നെ മാലിന്യത്തെ കൈകാര്യം ചെയ്യുന്ന രീതികൾ ഇന്നു കൂടുതൽ സ്വീകാര്യത നേടിവരികയാണ്.

ബയോഗ്യാസിന്റെ ഘടകങ്ങള്‍.


ജൈവമാലിന്യം ബയോഗ്യാസ്‌ ആക്കുകയെന്നത്‌ മാലിന്യ പരിപാലനത്തിലെ ഒരു പ്രധാനരീതിയാണ്. വീടുകൾക്കും സ്ഥാപനങ്ങൾക്കും പൊതുവിടങ്ങൾക്കും അനുയോജ്യമായ തരം ബയോഗ്യാസ്‌ പ്ലാന്റുകൾ ഇന്നു ലഭ്യമാണ്. ലഭ്യമായ ജൈവമാലിന്യത്തിന്റെ അളവിന് അനുയോജ്യമായ തരത്തിലുള്ളവയാണ് ബയോഗ്യാസ്‌ പ്ലാന്റുകൾ.
വായുവിന്റെ അസാന്നിധ്യത്തിൽ സൂക്ഷ്‌മജീവികളുടെ പ്രവർത്തനത്തിന് ജൈവമാലിന്യം വിധേയമാകുമ്പോഴാണു ബയോഗ്യാസ്‌ ഉണ്ടാകുന്നത്‌. മാലിന്യത്തിലെ രാസവസ്തുക്കളെ ചെറിയ രാസതന്മാത്രകളായി വിഘടിപ്പിക്കുക, ഇവയെ അമ്ലമാക്കുക, അമ്ലത്തെ വിഘടിപ്പിച്ച്‌ മീഥെയിനും കാർബൺ ഡയോക്സൈഡുമാക്കുക എന്നീ ജൈവരാസപ്രവർത്തനങ്ങൾ ആയിരക്കണക്കിന് ബാക്‌റ്റീരിയ കൂട്ടമായാണ് ചെയ്യുന്നത്‌. അപ്പോള്‍, ചെറിയ അളവിൽ അമോണിയയും ഹൈഡ്രജൻ സൾഫൈഡും ഉണ്ടാകും. ഈ വാതകമിശ്രിതമാണ് ബയോഗ്യാസ്‌‌ (ജൈവവാതകം) എന്നറിയപ്പെടുന്നത്‌.
ബയോഗ്യാസില്‍ മീഥെയിനിന്റെ അളവ്‌ 60 മുതല്‍ 65 ശതമാനം വരെയും കാർബൺ ഡയോക്സൈഡിന്റെത്‌ 35 മുതല്‍ 40 ശതമാനം വരെയുമാണ്. ഇത്‌ ഏകദേശ കണക്കാണ്. കൃത്യമായ അളവ്‌ പ്ലാന്റിൽ ഉപയോഗിക്കുന്ന മാലിന്യത്തിന്റെ സ്വഭാവത്തെയും ബാക്‌റ്റീരിയയുടെ അളവിനെയും പ്ലാന്റ്‌ പ്രവർത്തിക്കുന്ന താപനിലയെയും ആശ്രയിച്ചിരിക്കുന്നു. ബയോഗ്യാസിലെ കത്തുന്ന ഘടകം മീഥെയിൻ ആണ്. അതുകൊണ്ട്‌ മീഥെയിനിന്റെ അളവ്‌ വർധിപ്പിക്കുന്നതിനു വേണ്ട ഗവേഷണ പ്രവർത്തനങ്ങൾ ഈ രംഗത്ത് തകൃതിയായി നടക്കുന്നുണ്ട്‌. കാർബൺ ഡയോക്സൈഡും മറ്റ്‌ അനാവശ്യ ഘടകങ്ങളും നീക്കി ശുദ്ധമായ മീഥെയിൻ ഉണ്ടാക്കാൻ കഴിഞ്ഞാല്‍ അതു വലിയ നേട്ടമാവും.

മെച്ചപ്പെടുത്താനുള്ള പഠനങ്ങളും
പരീക്ഷണങ്ങളും.


ബയോഗ്യാസിലെ മീഥെയിനിന്റെ അനുപാതം വർധിച്ചാല്‍ അതു കൂടുതൽ മെച്ചപ്പെട്ട ഇന്ധനമാകുമല്ലോ. ട്രോംബെയിലുള്ള ഭാഭ അറ്റോമിക്‌ റിസർച്ച്‌ സെന്റർ (BARC), ഈ രംഗത്ത്‌ മെച്ചപ്പെട്ട പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്‌. അവായു വിഘടന (anaerobic decomposition)ത്തിന് വിധേയമാക്കുന്നതിനു മുമ്പ് ഏതാനും ദിവസം വായു വിഘടന (aerobic decomposition)ത്തിന് വിധേയമാക്കുകയെന്നത്‌ അവരുടെ കണ്ടെത്തലായിരുന്നു. ജൈവ ഖരമാലിന്യം അരച്ച്‌ കുഴമ്പു പരുവത്തിലാക്കി രണ്ടോ മൂന്നോ ദിവസം വായുസാന്നിധ്യത്തിൽ ജൈവവിഘടനത്തിനു വിധേയമാക്കിയശേഷം മാത്രം ബയോഗ്യാസ്‌ പ്ലാന്റിൽ നിറച്ച്‌ അവായു വിഘടനത്തിന് വിധേയമാക്കിയാൽ കാർബൺ ഡയോക്സൈഡിന്റെ അളവ്‌ കുറയുമെന്ന് അവർ കണ്ടെത്തുകയുണ്ടായി. മീഥെയിനിന്റെ അളവ്‌ 75 ശതമാനം വരെ വർധിപ്പിക്കാൻ ഈ രീതിക്കു കഴിയും. മീഥെയിൻ വാതകത്തിന്റെ അനുപാതം വർധിപ്പിക്കാനുള്ള കൂടുതൽ പരീക്ഷണങ്ങൾ ബയോഗ്യാസിന്റെ സാധ്യതകൾ ഇനിയും വർധിപ്പിക്കുമെന്ന കാര്യം നിശ്ചയമാണ്.

*ഫോണ്‍: 9447024920