‘ഓരോ വീട്ടിലുമോരോ നല്ലൊരു കക്കൂസാണിന്നാദ്യം വേണ്ടത്’ എന്ന മുദ്രാവാക്യം കേരളത്തില്‍ ഉയര്‍ന്നത് നാല്പതിലേറെ വര്‍ഷങ്ങള്‍ക്കു മുമ്പാണ്. കേരളത്തിലെ മുഴുവന്‍ ഗ്രാമങ്ങളെയും പൊതുസ്ഥലത്ത് മലമൂത്രവിസര്‍ജനം നടത്താത്ത പ്രദേശമായി ഇപ്പോള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇവിടെ നിര്‍മിക്കുന്ന വീടുകളുടെ അത്യാവശ്യ ഘടകമാണ് കക്കൂസുകള്‍. നിലവില്‍ മറ്റു സംസ്ഥാനങ്ങളില്‍ 54.28 ശതമാനം വീടുകളില്‍ മാത്രമേ കക്കൂസുകള്‍ ഉള്ളുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കിണറുകളിലെ ഇ കോളൈ ബാക്‌റ്റീരിയ


കേരളത്തിന്റെ ഇപ്പോഴുള്ള പ്രശ്‌നം അനുദിനം ഉല്പാദിപ്പിക്കുന്ന മനുഷ്യ വിസര്‍ജ്യങ്ങള്‍ എല്ലാം ഭൂമിക്കടിയിലെ അറകളില്‍ സൂക്ഷിക്കുന്നുവെന്നതാണ്. ഇതു ക്രമേണ അഴുകി മണ്ണില്‍ ചേരുന്നുണ്ട്. കേരളത്തിലെ ഉയര്‍ന്ന ജനസാന്ദ്രത കാരണം അടുത്തടുത്ത് വീടുകള്‍ നിര്‍മിക്കുമ്പോള്‍ കക്കൂസ് മാലിന്യം അരിച്ചരിച്ച് കിണറുകളിലും ജലാശയങ്ങളിലും എത്തി വെള്ളം മലിനമാകുന്നുണ്ട്. ജലഗുണതയുടെ പരിശോധനകളില്‍ വ്യക്തമാകുന്നത്, പല കിണറുകളിലെയും വെള്ളത്തില്‍ കക്കൂസ് മാലിന്യത്തില്‍നിന്നുള്ള ഇ കോളൈ ബാക്‌റ്റീരിയ ഉണ്ടെന്നാണ്.
ഇത്തരത്തിലുള്ള മലിനീകരണം ഒഴിവാക്കുന്നതിനായി മനുഷ്യവിസര്‍ജ്യത്തെ ഊര്‍ജമാക്കി മാറ്റി ഉപയോഗിക്കുന്നതിനുമുള്ള മാര്‍ഗമാണ് കക്കൂസ് ബന്ധിത ബയോഗ്യാസ് പ്ലാന്റ് (toilet linked biogas plant). കഴിഞ്ഞ 10 വര്‍ഷമായി ഇത്തരത്തിലുള്ള ബയോഗ്യാസ് പ്ലാന്റ് സ്വന്തം വീട്ടില്‍ ഉപയോഗിക്കുന്ന വ്യക്തിയാണ് ഈ ലേഖകന്‍.
ബയോഗ്യാസ് പ്ലാന്റില്‍, ഓക്‌സിജന്റെ അഭാവത്തില്‍ അഴുകുന്ന മാലിന്യത്തില്‍നിന്ന് ബാക്ടീരിയകളുടെ സഹായത്തോടെ അവായു ദഹന (anaerobic digestion) പ്രക്രിയയിലൂടെ ബയോഗ്യാസ് ഉല്പാദിപ്പിക്കുകയാണ് ചെയ്യുന്നത്. ജൈവവസ്തുക്കളില്‍നിന്ന് ഉല്പാദിപ്പിക്കുന്ന ഇന്ധനമായതിനാല്‍ ഇതിനെ ജൈവഇന്ധനമായും ഈ ഊര്‍ജത്തെ ഹരിതോര്‍ജമായും കണക്കാക്കുന്നു.

കക്കൂസിലെയും അടുക്കളയിലെയും
മാലിന്യങ്ങള്‍ ഒരിടത്ത്


ഒരേ സമയം രണ്ട് ഇന്‍ലെറ്റുകള്‍ നിര്‍മിച്ച് കക്കൂസ് മാലിന്യവും ഗാര്‍ഹിക ജൈവമാലിന്യവും ഡൈജസ്റ്ററില്‍ കടത്തിവിട്ട് ബയോഗ്യാസാക്കി മാറ്റുന്ന സംവിധാനമാണ് ലേഖകന്റെ വീട്ടില്‍ ഏര്‍പ്പെടുത്തിയത് (പേജ് 41 ലെ ചിത്രം കാണുക). കക്കൂസുകളില്‍നിന്ന് പൈപ്പുകളിലൂടെ മലമൂത്രവിസര്‍ജ്യം ബയോഗ്യാസ് പ്ലാന്റിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്നു. അതോടൊപ്പം, പ്രത്യേകമായ ഒര് ഇന്‍ലെറ്റ് അടുക്കളയോടുചേര്‍ന്ന് നിര്‍മിച്ച് അതിലൂടെ അടുക്കളയിലെ മാലിന്യങ്ങളും ഈ പ്ലാന്റില്‍ നിക്ഷേപിക്കുന്നു. ഉല്പാദിപ്പിക്കുന്ന ഗ്യാസ്, ഗ്യാസ് ചേംബറില്‍നിന്ന് കുഴല്‍വഴി അടുക്കളയിലെ ബയോഗ്യാസ് അടുപ്പിലേക്ക് ബന്ധിപ്പിച്ചിട്ടുണ്ട്.
ഒരു ക്യുബിക് മീറ്റര്‍ വലിപ്പമുള്ള ഈ പ്ലാന്റ് ഞങ്ങളുടെ കിടപ്പുമുറിയുടെ അടിയില്‍ മണ്ണിനുള്ളിലാണ്. അതായത്, പ്ലാന്റ് നിര്‍മിക്കുന്നതിന് പ്രത്യേക സ്ഥലം മാറ്റിവെച്ചിട്ടില്ല. പ്ലാന്റില്‍നിന്ന് സ്ലറി (slurry) നീക്കുന്നതിനും പ്ലാന്റിനകത്തെ മാലിന്യങ്ങള്‍ ആവശ്യമെങ്കില്‍ പുറത്തെടുത്ത് പ്ലാന്റ് വൃത്തിയാക്കുന്നതിനും മുറിക്കുപുറത്ത് പ്രത്യേക അറകള്‍ നിര്‍മിച്ചിട്ടുണ്ട്.
ഒരാള്‍ക്ക് പ്രതിദിനം ശരാശരി 400 ഗ്രാം വിസര്‍ജ്യം ഉണ്ടെങ്കില്‍, നാല് അംഗങ്ങളുള്ള ഞങ്ങളുടെ വീട്ടില്‍ 1.6 കിലോഗ്രാമും അടുക്കള മാലിന്യം പ്രതിദിനം ശരാശരി 2 കിലോഗ്രാമും ഇതോടൊപ്പമുള്ള വെള്ളവുമാണ് പ്ലാന്റില്‍ ലഭിക്കുന്നത്. മാലിന്യത്തിന്റെ ഏറ്റക്കുറച്ചില്‍ പരിഗണിച്ച് ഈ അളവ് പ്രതിദിനം ശരാശരി 6 കിലോഗ്രാം മാലിന്യം എന്നു കണക്കാക്കാം. ഇപ്പോള്‍, ഞങ്ങളുടെ വീട്ടില്‍ ആവശ്യമായ പാചകവാതകത്തിന്റെ പകുതിയോളം ബയോഗ്യാസ് ഈ പ്ലാന്റില്‍നിന്ന് ലഭിക്കുന്നുണ്ട്.

രണ്ടു പരിമിതികള്‍


ഇതിന്റെ പരിമിതികളില്‍ പ്രധാനം, വാതകം കത്തിക്കാതെ തുറന്നുവിട്ടാല്‍ ഉണ്ടാവുന്ന ദുര്‍ഗന്ധമാണ്. ഗ്യാസ് തുറന്നുവിടാതെ കത്തിക്കാന്‍ ഉപയോഗിച്ചാല്‍ ഇതു പരിഹരിക്കാം. രണ്ടാമതായി, കുറച്ചു ദിവസം സ്റ്റൗ ഉപയോഗിക്കാതിരുന്നാല്‍, സ്റ്റൗ കത്തിക്കാന്‍ ചില പ്രയാസങ്ങള്‍ കാണാറുണ്ട്. അതിനു കാരണം, ബയോഗ്യാസില്‍ ഈര്‍പ്പം ഉള്ളതിനാല്‍ അതു കെട്ടിക്കിടന്ന് ചെറിയ തരികള്‍ ഉണ്ടായി ഗ്യാസ് വരുന്ന ഭാഗം അടഞ്ഞുപോകുന്നതാണ്. ഇതു വൃത്തിയാക്കിയാല്‍ ഈ പ്രശ്നവും പരിഹരിക്കാം.
ബയോഗ്യാസ് ബോട്ടിലിങ് സംവിധാനം നമ്മുടെ നാട്ടില്‍ നിലവില്‍ വന്നിട്ടില്ല. ഉല്പാദിപ്പിക്കുന്ന ബയോഗ്യാസിലെ കാര്‍ബണ്‍ ഡയോക്സൈഡ്, ഹൈഡ്രജന്‍ സള്‍ഫൈഡ്, ഈര്‍പ്പം എന്നിവ ഒഴിവാക്കി കംപ്രസ് ചെയ്ത് കുറ്റികളില്‍ നിറച്ച് ഉപയോഗിക്കുന്ന രീതിയാണിത്.
കേരളത്തിലെ 78 ലക്ഷത്തോളം വരുന്ന വീടുകളില്‍ മനുഷ്യവിസര്‍ജ്യത്തെ ബയോഗ്യാസാക്കി ഉപയോഗിച്ചാല്‍ മലിനീകരണം കുറയുക മാത്രമല്ല, സാമ്പത്തികനേട്ടവും ഉണ്ടാവും. നാടിന്റെ വികസനത്തിന് മനുഷ്യവിസര്‍ജ്യം ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നര്‍ഥം.

*ഫോണ്‍: 9895029009