മാലിന്യസംസ്‌കരണരംഗത്ത് വേങ്ങേരി (കോഴിക്കോട് ജില്ല)യിലെ ‘നിറവ്’ എന്ന സംഘടന മുന്നോട്ടുവെക്കുന്നത് വ്യത്യസ്തമായ മാതൃകയാണ്. നഗരത്തില്‍ കുന്നുകൂടുന്ന മാലിന്യം ഒഴിവാക്കാന്‍ സ്വന്തം വീടുകളിലെ മാലിന്യം മറ്റിടങ്ങളിലേക്ക് തള്ളാതിരിക്കുക എന്നതാണ് ഈ മാതൃകയിലെ പൊതുതത്ത്വം. വീടുകളിലെ മാലിന്യം അവിടെത്തന്നെ സംസ്‌കരിക്കണം.

പങ്കുവെക്കുന്ന പച്ചക്കറി


ഈ പ്രദേശത്തെ വീടുകളിലേക്ക് ആരും കഴിഞ്ഞ പത്തുവര്‍ഷമായി പ്ലാസ്റ്റിക് സഞ്ചികള്‍ കൊണ്ടുവരാറില്ല. ഇവിടെ എല്ലാവരും തുണിസഞ്ചികളാണ് ഉപയോഗിക്കുന്നത്. അരി, പച്ചക്കറി, മത്സ്യം, മാംസം തുടങ്ങിയ ഓരോന്നും വാങ്ങാന്‍ ഓരോതരം സഞ്ചികള്‍ ഉപയോഗിക്കുന്നു. ഇവ ഉണ്ടാക്കുന്നത് പുത്തന്‍ തുണികള്‍ ഉപയോഗിച്ചല്ല. പഴയ ഷര്‍ട്ട്, ജീന്‍സ് എന്നിവ സഞ്ചികളാക്കി മാറ്റുകയാണ്.
വീട്ടിലുണ്ടാവുന്ന ജൈവപാഴ്‌വസ്തുക്കളായ ഭക്ഷണാവശിഷ്ടങ്ങള്‍ വീട്ടുവളപ്പില്‍ത്തന്നെ സംസ്‌കരിക്കും. വളക്കുഴികളും മണ്ണിരക്കമ്പോസ്റ്റും ബയോഗ്യാസ് പ്ലാന്റുകളും ഇതിനായി ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. ഇവിടെനിന്ന് നിര്‍മിക്കുന്ന ജൈവവളം വീടുകളിലെ അടുക്കളത്തോട്ടത്തില്‍ വളമായി ഉപയോഗിക്കും. ഇങ്ങനെ വിളയിക്കുന്ന ജൈവപച്ചക്കറികള്‍ ‘നിറവി’ലെ കുടുംബാംഗങ്ങള്‍ പരസ്പരം പങ്കുവെക്കുന്നു.


ജീവിതത്തിന്റെ ഭാഗമായ
മാലിന്യസംസ്കരണം


ഓരോ കുടുംബവും ഇവയൊക്കെ കൃത്യനിഷ്ഠയോടെയും ചിട്ടയോടെയും ചെയ്യുന്നു. അവര്‍ സ്വന്തം വീടും പറമ്പും മാത്രമല്ല, തൊട്ടുമുമ്പിലെ റോഡും ഇടവഴിയുമൊക്കെ വൃത്തിയായി സംരക്ഷിക്കുന്നു. മാലിന്യസംസ്‌കരണം ‘നിറവി’ലെ അംഗങ്ങള്‍ക്ക് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്.
കൃഷിയുടെ സംസ്‌കാരം തിരികെ കൊണ്ടുവരിക, പുതിയ തലമുറയെ മണ്ണിലിറക്കി കാര്‍ഷികസംസ്കാരം പരിചയപ്പെടുത്തുക, വിഷമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ സ്വന്തമായി ഉല്പാദിപ്പിക്കുക, മണ്ണും ജലവും വായുവും മലിനമാകാതെ സംരക്ഷിക്കുക, ഊര്‍ജ-പരിസ്ഥിതി സംരക്ഷണത്തിനായി പുതിയ മാതൃക സൃഷ്ടിക്കുക, സ്വയംപര്യാപ്തതയിലേക്ക് ഒരു പ്രദേശത്തെ വളര്‍ത്തിയെ ടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് ‘നിറവി’ന്റെ പ്രവര്‍ത്തനം. പ്രവര്‍ത്തന മികവുകൊണ്ടുതന്നെ നിരവധി അംഗീകാരങ്ങളും ‘നിറവി’നെ തേടിയെത്തിയിട്ടുണ്ട്.
‘ഓരോ വസ്തുവും യഥാസ്ഥാനത്ത് വെച്ചാല്‍ അതു മാലിന്യമല്ല; അസംസ്‌കൃതവസ്തുക്കളാണ്’. ഈ പാഠമാണ് ‘നിറവ്’ പഠിപ്പിക്കുന്നത്.

*ഫോണ്‍: 9447276177