വിലക്കുറവ്, സൗകര്യം, പുനശ്ചക്രണ സാധ്യത എന്നിങ്ങനെയുള്ള ആഖ്യാനങ്ങളിലൂന്നിയാണ് പ്ലാസ്റ്റിക് ഉല്പന്നങ്ങൾ ലോകയുദ്ധാനന്തര വിപണി കീഴടക്കിയത്. ഉപയോഗിക്കുക, വലിച്ചെറിയുക എന്ന ആധുനിക വിപണിയുടെ തത്ത്വശാസ്ത്രത്തോടൊപ്പം ചേര്‍ന്നതോടെ പ്ലാസ്റ്റിക്കുകളുടെ സാധ്യത വിപുലീകരിക്കപ്പെട്ടു. അതിന്റെ ആലസ്യത്തില്‍ പഴയ ആഖ്യാനത്തിന്റെ പ്രസക്തി നഷ്ടപ്പെടാന്‍ തുടങ്ങി.

ആരോഗ്യത്തെ തകര്‍ക്കുന്ന പ്ലാസ്റ്റിക്കുകള്‍


ലോകത്ത് ഇന്നുവരെ ഉല്പാദിപ്പിക്കപ്പെട്ട പ്ലാസ്റ്റിക്കുകൾ ഏതെങ്കിലുമൊക്കെ രൂപത്തിൽ ഇന്നും ഭൗമാന്തരീക്ഷത്തിൽ നിലനില്ക്കുന്നുണ്ട് എന്ന വസ്തുത ഭയപ്പെടുത്തുന്ന നിലയിലേക്കെത്തിയിട്ടുണ്ട്. ഈഥെയിൻ, പ്രൊപ്പെയിൻ തുടങ്ങിയ ഫോസിൽ ഇന്ധന വാതകങ്ങളിൽനിന്നാണ് എല്ലാ പെട്രോ-പ്ലാസ്റ്റിക് ഉല്പന്നങ്ങളും പിറവിയെടുക്കുന്നത്. അങ്ങനെയുണ്ടാക്കുന്ന പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ 50 ശതമാനവും ഒറ്റത്തവണ ഉപയോഗത്തിനുള്ളവയോ പാക്കേജിങ് വസ്തുക്കളോ ആണ്. ഇത്തരം പ്ലാസ്റ്റിക് ഉല്പന്നങ്ങളുടെ പുനശ്ചക്രണ മൂല്യം (recycling value) വളരെക്കുറവാണ്. അതിനാല്‍, അവ നമ്മുടെ പരിസ്ഥിതിയെയും ആരോഗ്യത്തെയും മലിനപ്പെടുത്തുന്നു.
പ്ലാസ്റ്റിക്കുകൾ സുരക്ഷിതമാണെന്ന് ഇപ്പോൾ അതിന്റെ പ്രയോക്താക്കൾപോലും വാദിക്കുമെന്ന് തോന്നുന്നില്ല. യൂറോപ്പും അമേരിക്കയും പി.വി.സി. കൊണ്ടുള്ള കളിപ്പാട്ടങ്ങളുടെയും മറ്റു ഉല്പന്നങ്ങളുടെയും മേൽ കൊണ്ടുവന്ന നിരോധനങ്ങളും നിയന്ത്രണങ്ങളും ക്രമേണ മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചുതുടങ്ങിയിട്ടുണ്ട്.

കാര്‍ബണ്‍ ബഹിര്‍ഗമനത്തിനു
കാരണമാകുന്ന പ്ലാസ്റ്റിക്


2050 വര്‍ഷമാകുമ്പോഴേക്കും സമുദ്രങ്ങളിലെ മത്സ്യത്തിന്റെ ആകെ ഭാരത്തെക്കാള്‍ കൂടുതൽ പ്ലാസ്റ്റിക്കുകൾ കടലിലുണ്ടാവുമെന്ന് ശാസ്ത്രീയപഠനങ്ങൾ സൂചിപ്പിക്കുന്നു. ഇന്നത്തെ രീതിയില്‍ പോയാല്‍ 2050 ല്‍ പെട്രോളിയത്തിന്റെ 20 ശതമാനവും പ്ലാസ്റ്റിക് ഉല്പാദനത്തിനുവേണ്ടി മാത്രമായി ഉപയോഗിക്കേണ്ടി വരുമത്രേ. അപ്പോള്‍ ഭൂമിയിലെ കാര്‍ബൺ ബഹിർഗമനത്തിന്റെ 15 ശതമാനം പ്ലാസ്റ്റിക്കുകളുടെ സംഭാവനയായിരിക്കുമെന്ന് കണക്കാക്കുന്നു.
ലോകത്ത് ആകെ ഉല്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകളുടെ 26 ശതമാനവും പാക്കിങ്ങിനു വേണ്ടി മാത്രമാണ്. ഈ പ്ലാസ്റ്റിക്കുകളുടെ 95 ശതമാനവും ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്നവയാണ്. ഇങ്ങനെ വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക്കുകളുടെ മൂല്യം പ്രതിവര്‍ഷം ഏകദേശം ആറരലക്ഷം കോടി രൂപ വരും!
ലോകമെമ്പാടുമായി പ്രതിവർഷം ഏകദേശം 8 ദശലക്ഷം (8x106) ടൺ പ്ലാസ്റ്റിക് മാലിന്യങ്ങളാണ് സമുദ്രങ്ങളിലെത്തുന്നത്. അതിൽത്തന്നെ ഒന്നരലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യങ്ങൾ യൂറോപ്പിന്റെ മാത്രം സംഭാവനയാണ്. ഈ വസ്തുതയെ മുൻനിർത്തി ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക്കുകളും സിഗരറ്റ് ഫിൽറ്ററുകളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളും 2020 വര്‍ഷത്തോടെ പടിപടിയായി ഒഴിവാക്കാന്‍ യൂറോപ്യൻ യൂനിയൻ 2018 നവംബറിൽ നിയമം പാസാക്കിയിട്ടുണ്ട്.

വന്യജീവികളുടെ വയറ്റില്‍പോലും
എത്തുന്ന പ്ലാസ്റ്റിക്


ജനസാന്ദ്രതയും ജലസ്രോതസ്സുകളുടെ സാന്ദ്രതയും കൂടുതലുള്ള കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണല്ലോ. സമുദ്രോല്പന്ന കയറ്റുമതിയിൽ ഇന്ത്യയിൽ മുൻനിരയിൽ നില്ക്കുന്ന കേരളത്തിന്റെ ഭാവി, സമുദ്രങ്ങളിലേക്ക് അനുനിമിഷം എത്തിക്കൊണ്ടിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളിൽ കുരുങ്ങി ഇല്ലാതാകാനുള്ള സാധ്യത ഉണ്ടായിക്കൊണ്ടിരിക്കുന്നു.
കടുത്ത വരൾച്ചയിലൂടെ കടന്നുപോകുന്ന കേരളത്തിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറഞ്ഞതിനാല്‍ ഉപകാരപ്രദമാകാതെ കിടക്കുന്ന കിണര്‍, കുളം, തടാകം, തണ്ണീർത്തടം, നദി എന്നിവ സൃഷ്ടിക്കുന്ന ഭീതിജനകമായ ചിത്രം സങ്കല്പിച്ചുനോക്കൂ. നമ്മുടെ ജൈവവൈവിധ്യ കലവറയായ പശ്ചിമഘട്ട മലനിരകളിലും പരിസരങ്ങളിലുമുള്ള വനങ്ങൾ, വന്യജീവികളുടെ ഉദരം, തീരക്കടലിലെ പവിഴപ്പുറ്റുകൾ എന്നിവയില്‍ വരെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുമിഞ്ഞുകൂടി കിടക്കുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങളുടെ ഒരു ‘ബ്രാന്‍ഡ് ഓഡിറ്റ്’ നടത്തി ഏറ്റവും കൂടുതല്‍ മാലിന്യങ്ങളുടെ ഉത്തരവാദികളെ കണ്ടെത്തിയശേഷം ആ കമ്പനികളെ ഉത്തരവാദിത്വമേല്പിക്കാനുള്ള ശ്രമം കേരളത്തില്‍ ആദ്യമായി തിരുവനന്തപുരം നഗരസഭ നടത്തുകയുണ്ടായി. ഇത്തരം ശ്രമങ്ങളോടൊപ്പം പുതിയ പ്ലാസ്റ്റിക് മാലിന്യം ഉണ്ടാവുന്നത് തടയാനും നിയന്ത്രിക്കാനുമുള്ള ശ്രമങ്ങള്‍ കൂടി അടിയന്തിരമായി ഏറ്റെടുക്കേണ്ടതുണ്ട്.

*ഫോണ്‍‌: 9895182067