1. ? വികസിത രാജ്യങ്ങളിൽ ഖരമാലിന്യനിയന്ത്രണത്തിന് എന്തു പദ്ധതിയാണ് നിലവിലുള്ളത്?
= വ്യക്തമായ അടിസ്ഥാന ഘടനയോടുകൂടിയാണ് വികസിതരാജ്യങ്ങൾ മാലിന്യത്തെ നേരിടുന്നത്. ഈ സംവിധാനത്തെ ലളിതമായ ഒരു രൂപരേഖയിൽ ഇങ്ങനെ വിവരിക്കാം (46, 47 പേജുകളിലെ ചിത്രീകരണം കാണുക).

2. ? എല്ലാ വികസിത രാജ്യങ്ങളും ഈ രീതിയിലാണോ ഖരമാലിന്യം നിയന്ത്രിക്കുന്നത്?
= എല്ലാ രാജ്യങ്ങളുടെയും അടിസ്ഥാന ലക്ഷ്യം സമാനമാണെങ്കിലും മാലിന്യത്തിന്റെ അളവ്, ലഭ്യമായ സ്ഥലം, ജനസാന്ദ്രത തുടങ്ങി നിരവധി ഘടകങ്ങൾ കണക്കിലെടുത്താണ് മാലിന്യ നിയന്ത്രണ പദ്ധതികൾ രൂപീകരിക്കുന്നത്.

3. ? എന്താണ് ‘സീറോ വേസ്റ്റ് ടാർഗറ്റ്’ (zero waste target)?
= ഒരു മാലിന്യവും കുഴിച്ചിടാതെ പ്രവർത്തിക്കുന്ന രീതിയാണ് സീറോ വേസ്റ്റ് ടാർഗറ്റ്. എക്‌സോൺ മൊബൈൽ പ്ലാന്റുകൾ അവരുടെ 90 ശതമാനം പാഴ്‌വസ്തുക്കളും കുഴിയിലിട്ടു മൂടാതെ തിരിച്ചുവിടുന്നു. ന്യൂയോർക്ക്, ബോസ്റ്റൺ തുടങ്ങിയ നഗരങ്ങളും സമീപകാലത്തുതന്നെ സീറോ വേസ്റ്റ് ടാർഗറ്റിൽ എത്തിച്ചേരും.

4. ? മാലിന്യസംസ്കരണ മേഖലയിൽ പ്രസ
ക്തമായ ചില പ്രോജക്‌റ്റുകൾ ഏതൊ
ക്കെയാണ്?
= മാലിന്യത്തിൽനിന്ന് ഊർജം ഉല്പാദിപ്പിക്കുന്ന പ്രോജക്‌റ്റുകള്‍ക്ക് ഉത്തമോദാഹരണമാണ് ലണ്ടനിലെ ‘ലങ്കാഷയർ വേസ്റ്റ് റ്റു എനർജി പ്രോജക്‌റ്റ്’. ബയോഗ്യാസിൽനിന്ന് 44,000 മെഗാവാട്ട് ഊർജം ഉല്പാദിപ്പിക്കുന്ന ഈ പ്രോജക്‌റ്റിന് 5 ബില്യന്‍ (5x109) ഡോളർ മൂല്യം വരുന്നു. മറ്റൊരുദാഹരണമാണ് ഓസ്ട്രേലിയയിലെ ‘ഈസ്റ്റേൺ ക്രീക്ക് പ്രോജക്‌റ്റ്.
5. ? എന്താണ് സീസണൽ കളക്‌ഷൻ?
= ചില സ്ഥലങ്ങളിൽ മുൻസിപ്പാലിറ്റി ആറു മാസത്തിലൊരിക്കൽ അല്ലെങ്കിൽ വർഷത്തില്‍ ഒരിക്കൽ മേശ, കസേര തുടങ്ങിയ വീട്ടുപകരണങ്ങളോ മരക്കൊമ്പുകൾ മുതലായ ഗ്രീൻ വേസ്റ്റുകളോ ശേഖരിക്കാനെത്തും. ആ ദിവസങ്ങളിൽ ആളുകൾ അവർക്ക് ആവശ്യമില്ലാത്ത ഇത്തരം മാലിന്യം റോഡിന്റെ വക്കിൽ ഉപേക്ഷിക്കും. ഇതിനെയാണ് സീസണൽ കളക്‌ഷൻ എന്നുപറയുന്നത്. ഇങ്ങനെ ഉപേക്ഷിക്കുന്ന ഗൃഹോപകരണങ്ങൾ മറ്റാർക്കെങ്കിലും ആവ ശ്യമുണ്ടെങ്കിൽ അവർ അതു വന്നെടുക്കുകയും അതിനുശേഷം അത് ഉപയോഗിക്കുകയോ വില്ക്കുകയോ ചെയ്യും. അങ്ങനെ വീണ്ടും ഉപയോഗിക്കുന്നത് പല രാജ്യങ്ങളുടെയും സംസ്കാരത്തിന്റെ ഭാഗമാണ്. അതു പ്രോത്സാഹിപ്പിക്കാൻ മുനിസിപ്പാലിറ്റി മനഃപൂർവം ശേഖ രണം വൈകിക്കാറുമുണ്ട്.

6. ? എങ്ങനെയാണ് ജനങ്ങൾ ഇത്തരം പദ്ധതികളോട് സഹകരിക്കുന്നത്?
= മാലിന്യത്തിന്റെ അപകടകരമായ ദൂഷ്യവശത്തെ കുറിച്ചുള്ള സാമൂഹ്യബോധവും ശരിയായ വിദ്യാഭ്യാസവും ജനങ്ങളെ ഉത്തരവാദിത്വത്തോടുകൂടി പെരുമാറാൻ പ്രേരിപ്പിക്കുന്നു. കൂടാതെ മാലിന്യം വലിച്ചെറിയുക, പ്ലാസ്റ്റിക് സഞ്ചികൾ വില്ക്കുക മുതലായ പ്രവർത്തനങ്ങള്‍ ചെയ്യുന്നവർക്കെതിരേ ശക്തമായ നിയമനടപടികൾ സ്വീകരിക്കുകയും ചെയ്യും. ഉദാഹരണത്തിന് ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസിൽ നിയമവിരുദ്ധമായി മാലിന്യം നിക്ഷേപിച്ചാൽ 4,000 – 500,000 ഓസ്‌ട്രേലിയൻ ഡോളർ (2 ലക്ഷം-2.5 കോടി രൂപ) വരെ പിഴ ചുമത്താം.
7. ? കേരളം ഉയർന്ന ജനസാന്ദ്രതയുള്ള ഒരു സംസ്ഥാനമാണ്. ഇതു മാലിന്യ സംസ്കരണ പദ്ധതികൾക്കു തടസ്സമാണോ?
= ഒരിക്കലുമല്ല. കേരളത്തിനെക്കാൾ ജനസാന്ദ്രതയുള്ള ടോക്കിയോ, സിഡ്നി, മെൽബേൺ, ആംസ്റ്റർഡാം തുടങ്ങിയ സ്ഥലങ്ങളിൽ മാലിന്യസംസ്കരണ പദ്ധതികൾ പരിസ്ഥിതിസൗഹൃദമായി പ്രവർത്തിക്കുന്നു.
8. ? കേരളത്തിൽ ഇതുപോലുള്ള പദ്ധതികൾ നടപ്പിലാക്കാൻ എന്താണ് ചെയ്യേണ്ടത്?
= മാലിന്യം ശേഖരിക്കാനും സംസ്കരിക്കാനും അടിസ്ഥാന സൗകര്യം ഒരുക്കണം. നിക്ഷേപിക്കാൻ സ്ഥലങ്ങൾ ഇല്ലാതെ വരുമ്പോഴാണ് ജനങ്ങൾ റോഡിലും പൊതുസ്ഥലങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നത്. മാലിന്യത്തിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും സംസ്കരണ രീതികളെക്കുറിച്ചും സമൂഹത്തിൽ നിരന്തരം ബോധവത്കരണം നടത്തണം.


(യൂനിവേഴ്‌സിറ്റി ഓഫ് വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ മാസ്റ്റേര്‍സ് വിദ്യാര്‍ഥിയായ ആനന്ദ്
ജ്യോതി**യാണ് ഈ അഭിമുഖം തയ്യാറാക്കിയത്.)
*ഫോണ്‍: 61402843429
**ഫോണ്‍: 61452556576