കൈലാസ് സത്യാർഥി നൊബേൽ സമ്മാനം നേടുന്ന എട്ടാമത്തെ ഇന്ത്യക്കാരനാണ്. സമ്മാനം സംബന്ധിച്ച വാർത്ത വന്നപ്പോൾ 'ആരാണീ സത്യാർഥി' എന്ന് സംശയം തോന്നി.
കൂടുതൽ അറിഞ്ഞപ്പോൾ ആദരണീയനായ ഒരു മനുഷ്യസ്‌നേഹിയുടെ ചിത്രം വ്യക്തമായി വന്നു. പ്രശസ്തിയും പണവും ആഗ്രഹിക്കാതെ, സ്വയം മാർക്കറ്റ് ചെയ്യാതെ, വിവാദങ്ങളിൽ പെടാതെ ഒരു നിയോഗം പോലെ മറ്റുള്ളവർക്കായി സമർപ്പിച്ചമട്ടിൽ ജീവിക്കുന്നവർ ഇപ്പോഴുമുണ്ടെന്നതിൽ അഭിമാനം തോന്നി. ഒരു പത്മശ്രീക്കുപോലും അദ്ദേഹത്തെ സർക്കാർ പരിഗണിക്കാതിരുന്നത്, ക്രിക്കറ്റ് ദൈവത്തെ അറിയില്ലെന്ന് പറഞ്ഞ വിദേശിക്കു നേരെ ചിലർ വാളെടുത്തത് തുടങ്ങിയവ ഇതോടൊപ്പം ചേർത്ത് ചിന്തിക്കാവുന്നവയാണ്. ഇന്ത്യക്കാർക്ക് ഏറെക്കുറെ അപരിചിതനായ ഈ സേവന വ്യക്തിത്വത്തെ മുൻപെ കണ്ടെത്തി ആദരിച്ച വിദേശസംഘടനകളെപ്പറ്റിയും നമുക്ക് മതിപ്പ് തോന്നേണ്ടതാണ്.
നമ്മുടെ അനാഥക്കുട്ടികൾക്ക് വേണ്ടി പോരാടാൻ ജോലിപോലും ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചയാളാണ് സത്യാർഥി. ബാലവേലയും വിദ്യാഭ്യാസ നിഷേധവും അടക്കം ചൂഷണങ്ങളിൽ കരിഞ്ഞുപോകുന്ന കൊച്ചു പൗരന്മാരെ രക്ഷിക്കാൻ അദ്ദേഹം രൂപംകൊടുത്ത ബച്പൻ ബചാവോ, ആന്ദോളൻ (B.B.A) എന്ന സംഘടന 80,000 കുട്ടികളെയെങ്കിലും ബാലവേലയിൽ നിന്ന് രക്ഷിച്ചതായി നൊബേൽ സമിതി വിലയിരുത്തുന്നു. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാൻ സഹായിക്കുന്ന പദ്ധതി 11 സംസ്ഥാനങ്ങളിലെ അനേകം ഗ്രാമങ്ങളിൽ നടപ്പാക്കുന്നതിനും അദ്ദേഹം നേതൃത്വം നൽകുന്നു.
കേരളത്തിൽ അനാഥക്കുട്ടികളുടെ സംരക്ഷണത്തിനും വിദ്യാഭ്യാസത്തിനും അനേകം സംഘടനകളും സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. നിർഭാഗ്യവശാൽ ഇതിൽ അധികവും ജാതീയവും മതപരവുമായ സങ്കുചിത വൃത്തങ്ങളിൽ ഒതുങ്ങിയാണ് നിൽക്കുന്നത്. അട്ടപ്പാടിയിലും വയനാട്ടിലുമുള്ള നിത്യദരിദ്രരായ കുടുംബങ്ങളിലെ കുട്ടികളെയൊന്നും അവർക്ക് വേണ്ട. ബീഹാറിലും ഝാർഖണ്ഡിലുമൊക്കെ നിന്ന് ഇഷ്ടം പോലെ കുട്ടികളെ കിട്ടാനുള്ളപ്പോൾ ഇവരെ ആർക്ക് വേണം എന്ന മട്ടിലാണ് പ്രവർത്തനം. സർക്കാർ സഹായങ്ങളും വിദേശപണവും ഊറ്റിയെടുത്ത് അട്ടജീവിതം നയിക്കുന്ന സേവകർ ധാരാളമുണ്ട്. ഇതിനിടയ്ക്ക് ആത്മാർഥസേവനം നടത്തുന്ന അൽപ്പം ചിലർക്ക് കാര്യമായൊന്നും ചെയ്യാനാവുന്നില്ല.
അട്ടപ്പാടിയിലെ ശിശുമരണങ്ങൾ സംബന്ധിച്ച വാർത്തകൾ സമൂഹമനസ്സാക്ഷിയെ ഞെട്ടിക്കുന്നവയാണ്. ഗർഭജീവിതകാലത്തു തന്നെ പോഷകാഹാരക്കുറവ് നേരിട്ടവരായിരുന്നു മരിച്ച കുട്ടികളിലധികവും. സർക്കാർ പ്രഖ്യാപിക്കുന്ന സഹായങ്ങളുടെ വലുപ്പവും വൈവിധ്യവും നമ്മെ അമ്പരപ്പിക്കുന്നു. പക്ഷേ ലക്ഷ്യസ്ഥാനത്തെത്താതെ ഇടയ്‌ക്കെവിടെയോ വെച്ച് സഹായപ്രവാഹങ്ങൾ അപ്രത്യക്ഷമാവുന്നതാണ് അനുഭവം. ആദിവാസികളുടെ അജ്ഞതയും നിസ്സഹായതയും അവരെ കറവപ്പശുക്കളാക്കുന്നത് എളുപ്പമാക്കുന്നു.
കൈലാസ് സത്യാർഥിയുടെ ബി.ബി.എ പോലുള്ള പ്രവർത്തനങ്ങൾ കേരളത്തിലെ
ആദിവാസി മേഖലകളിലെങ്കിലും ആരംഭിച്ചെങ്കിൽ എന്നാശിച്ചുപോകുന്നു.