കേരളം ഒരുകാലത്ത് കുഴിച്ചുമൂടി എന്നു കരുതിയ അന്ധവിശ്വാസങ്ങളും കപടശാസ്ത്രങ്ങളും പൂർവാധികം ശക്തിയോടെ തിരിച്ചുവന്നുകൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. ശാസ്ത്രവിദ്യാഭ്യാസം ഇത്രയേറെ മുന്നേറിയ ഒരു പ്രദേശത്ത് പ്രാകൃതജനങ്ങളെപ്പോലും നാണിപ്പിക്കുന്ന തരം അനാചാരങ്ങൾ എങ്ങനെ പ്രചരിക്കുന്നു എന്നത് നമ്മളെ അത്ഭുതപ്പെടുത്തുന്ന വസ്തുതയാണ്. ജിന്നും പ്രേതവും ഒഴിപ്പിക്കാനുള്ള ശ്രമത്തിൽ മൂന്നു യുവതികളാണ് സമീപകാലത്ത് കൊലചെയ്യപ്പെട്ടത്. അവരെല്ലാം തന്നെ സാമാന്യം നല്ല വിദ്യാഭ്യാസം നേടിയവരുമാണ്.

കേരളത്തിൽ നിരക്ഷരത വ്യാപകമായിരുന്ന കാലത്ത് പ്രേതബാധ വളരെ കൂടുതലായിരുന്നു. അപമൃത്യുവരിച്ച ആളുകളുടെ ആത്മാക്കൾ പരലോകത്ത് പോകാതെ ഇവിടെത്തന്നെ അലഞ്ഞുനടക്കുമെന്നും സന്ധ്യാ സമയത്ത് തനിച്ചു സഞ്ചരിക്കുന്ന ആളുകളിൽ ആവേശിക്കുമെന്നും ആയിരുന്നു വിശ്വാസം. സ്ത്രീകളെയാണ് മുമ്പും പ്രേതങ്ങൾക്ക് (പിശാചുക്കൾക്കും ജിന്നുകൾക്കും) ഇഷ്ടം. യഥാർഥകാരണം നമുക്കറിയാം. അമ്മൂമ്മക്കഥകളിലൂടെയും മറ്റും ഏറ്റവും കൂടുതൽ അന്ധവിശ്വാസങ്ങൾ പകർന്നുകിട്ടുന്നത് പെൺകുട്ടികൾക്കാണ്. സന്ധ്യ കഴിഞ്ഞ് തനിച്ചു സഞ്ചരിക്കേണ്ടിവരുമ്പോൾ ഒരു ചെറിയ ശബ്ദം പോലും അവരെ ഞെട്ടിക്കും. അതുണ്ടാക്കുന്ന മനോവിഭ്രാന്തിയാണ് ബാധയായി ചിത്രീകരിക്കപ്പെടുന്നത്. അതിനുള്ള പ്രതിവിധി മന്ത്രവാദികളുടെ തല്ലാണ്. പക്ഷേ പണ്ടൊന്നും മരണത്തിനിടയാക്കുവിധം ക്രൂരമായിരുന്നില്ല അത്. സ്ത്രീകൾ വിദ്യാഭ്യാസം നേടുകയും നാട്ടിലെല്ലാം ധാരാളം വീടുകളും തെരുവുവിളക്കുകളും വരികയും ചെയ്തപ്പോൾ പ്രേതബാധ നന്നെക്കുറഞ്ഞു. അതാണിപ്പോൽ തിരിച്ചുവന്നിരിക്കുന്നത്.
ഇതോടൊപ്പം വേറെയും പല അന്ധവിശ്വാസങ്ങളും തിരിച്ചുവന്നിട്ടുണ്ട്. കൂടാതെ സാക്ഷരസമൂഹത്തെ ലക്ഷ്യംവെച്ചുള്ള പുതിയ അന്ധവിശ്വാസങ്ങളും വന്നുകൊണ്ടിരിക്കുന്നു. ജ്യോതിഷവും വാസ്തുശാസ്ത്രവുമാണ് തിരിച്ചുവന്ന പ്രമുഖർ. ആകാശത്തെ ഗ്രഹങ്ങളെല്ലാം ദേവന്മാരാണെന്നും അവരിൽ ചിലർ നല്ലവരും (വ്യാഴം, ശുക്രൻ മുതലായവ) ചിലർ മഹാപാപികളാണെന്നും (ചൊവ്വ, ശനി മുതലായവ), ഒരു കുഞ്ഞു ജനിക്കുമ്പോൾ ഇവ ചില പ്രത്യേക സ്ഥാനങ്ങളിൽ നിന്നാൽ (അതാണ് ഗ്രഹനില) കുഞ്ഞിന്റെ ഭാവിയെ അതു സ്വാധീനിക്കുമെന്നുമാണ് ജ്യോതിഷം പറയുന്നത്. ലോകം മുഴുവൻ ഒരുകാലത്ത് ജ്യോതിഷത്തിന്റെ പിടിയിലായിരുന്നു. എന്നാൽ ശാസ്ത്രവിദ്യാഭ്യാസം പുരോഗമിച്ചതോടെ ഗ്രഹങ്ങളൊന്നും ദേവന്മാരല്ലെന്നും വെറും നിർജീവഗോളങ്ങളാണെന്നും ബോധ്യമായി. അതോടെ വികസിത രാജ്യങ്ങളിൽ ജ്യോതിഷത്തിന്റെ സ്വാധീനം കുറഞ്ഞു. പക്ഷേ, കേരളത്തിലെ അവസ്ഥ നേരെ തിരിച്ചാണ്. വിദ്യാഭ്യാസം കൂടുതൽ നേടിയവരാണ് ഇവിടെ ഇപ്പോൾ കൂടുതലായി വലിയ ജ്യോതിഷവിശ്വാസികൾ.
വാസ്തുശാസ്ത്രത്തിന്റെ കാര്യവും ഇതുപോലെ തന്നെ. പ്രാചീനകാലത്തെ ജീവിതസാഹചര്യങ്ങളിൽ നിന്ന് ഉണ്ടായിവന്ന ചില വിശ്വാസങ്ങളുണ്ടതിൽ. അടുക്കളയും കിണറും വീടിന്റെ കിഴക്കുവശത്തോടു ചേർന്നായിരിക്കണം എന്ന് അന്ന് നിർബന്ധമായിരുന്നു. അടുക്കളയിൽ രാവിലെ ഏറ്റവുമാദ്യം സൂര്യപ്രകാശം കിട്ടണം; കാറ്റ് പടിഞ്ഞാറുനിന്ന് കിഴക്കോട്ട് ആയതുകൊണ്ട് അടുക്കളയിലെ പാചകഗന്ധങ്ങൾ പുറത്തേയ്ക്ക് പോകാനും അതാണ് നല്ലത്. അടുക്കളയിലേക്ക് വെള്ളം കോരിയെടുക്കാൻ കിണർ അടുത്തുണ്ടാകണം- ഇതൊക്കെയാണ് അന്നത്തെ പരിഗണനകൾ. സ്വിച്ചിട്ടാൽ കത്തുന്ന വിളക്കുകളും എക്‌സോസ്റ്റ് ഫാനുകളും വീടിനു മുകളിൽ വാട്ടർടാങ്കും ഒക്കെയുള്ളഇക്കാലത്ത് ഇതിനൊന്നും യാതൊരു പ്രസക്തിയുമില്ല. എന്നിട്ടും വാസ്തുശാസ്ത്രജ്ഞർ ഓരോരോ കാരണം പറഞ്ഞ് അടുക്കള പൊളിച്ചു പണിയുകയും കിണർ മാറ്റിക്കുഴിപ്പിക്കുകയും വാതിൽ മാറ്റിവെപ്പിക്കുകയും ഗൃഹദോഷപരിഹാരത്തിന് പൂജകളും മറ്റും നടത്തിക്കുകയും ചെയ്യുന്നു. അഗ്നികോണിലോ വായുകോണിലോ ആണ് വീട് എന്ന് പ്രഖ്യാപിച്ച് വീടുതന്നെ മാറ്റിസ്ഥാപിക്കുന്നവരും ഉണ്ട്. ഇതൊക്കെത്തന്നെ അന്ധവിശ്വാസങ്ങളുടെ പേരിൽ നടക്കുന്ന ചൂഷണമാണ്. കേരളം വളരെ ദരിദ്രമായിരുന്ന കാലത്ത്, മിക്കവരും ചെറു കുടിലുകളിൽ താമസിച്ചിരുന്ന കാലത്ത് വാസ്തു ആർക്കും പ്രധാനമായിരുന്നില്ല. സമ്പത്തു കൂടിയപ്പോൾ എല്ലാവർക്കും വാസ്തുശാസ്ത്രം കൂടിയേ കഴിയൂ എന്നുവന്നിരിക്കുന്നു.
അക്ഷയതൃതീയ നാളിൽ സ്വർണം വാങ്ങിയാൽ ഐശ്വര്യം കൂടും എന്ന വിശ്വാസം, വീട്ടിൽ വലംപിരിശംഖു വാങ്ങിവെച്ചാൽ പോസിറ്റീവ് എനർജി (എന്താണാവോ ആ സാധനം!) ലഭിക്കും എന്ന വിശ്വാസം, ധനാഗമനയന്ത്രം എന്ന ഉറുക്കുവാങ്ങിക്കെട്ടിക്കൊണ്ടു നടന്നാൽ ധാരാളം ധനംവരും എന്ന വിശ്വാസം ഇങ്ങനെ എന്തെല്ലാം അന്ധവിശ്വാസചൂഷണം ലക്ഷ്യംവെച്ചുള്ള പരസ്യങ്ങളാണ് നമ്മുടെ പത്രദൃശ്യമാധ്യമങ്ങളിലൂടെ വന്നുകൊണ്ടിരിക്കുന്നത്. അതിനൊക്കെ കേരളത്തിലെ സാക്ഷരസമൂഹം കാശുമുടക്കുന്നു എന്നതാണ് അത്ഭുതകരമായ കാര്യം.
ചികിത്സാരംഗത്ത് ഇതിലേറെ വ്യാപകമാണ് അന്ധവിശ്വാസങ്ങൾ. ഒരു കാലത്ത് വസൂരിയും ടൈഫോയിഡും വയറിളക്കരോഗങ്ങളും ഒക്കെക്കൊണ്ട് അനേകം ആളുകൾ മരിച്ചിരുന്ന ഒരു നാടാണ് കേരളം. പ്രതിരോധ കുത്തിവെപ്പിലൂടെയും ഒ.ആർ.എസ്സ് പ്രയോഗത്തിലൂടെയും മറ്റ് ആധുനിക ചികിത്സാരീതികളിലൂടെയും കേരളം അതിൽ നിന്നെല്ലാം മോചനം നേടി; കേരളീയരുടെ ശരാശരി ആയുസ്സ് അരനൂറ്റാണ്ടുകൊണ്ട് ഇരട്ടിയോളം വർധിച്ചു. പക്ഷേ, ഇപ്പോൾ കേരളത്തിൽ നടക്കുന്ന പ്രചാരണം ആധുനിക ചികിത്സാരീതികൾ ആകെ കുഴപ്പമാണ്, റെയ്കി, മൂത്രചികിത്സ തുടങ്ങിയവയാണ് ആരോഗ്യത്തിന് ഗുണകരം എന്നൊക്കെയാണ്. ഇതു ശരിക്കും ചരിത്രത്തെ നിഷേധിക്കലാണ്. മൂത്രം പണ്ടുമുതലേ എല്ലാവരുടെയും കൈവശമുണ്ട്. പക്ഷേ, പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ മൂത്രത്തിനു കഴിവില്ല. മൂത്രചികിത്സ ഫലപ്രദമാണോ എന്ന് വ്യാപകമായി പരിശോധിച്ച് തയ്യാറാക്കിയ പ്രബന്ധങ്ങളൊന്നും ഒരു വൈദ്യശാസ്ത്രജർണലിലും പ്രസിദ്ധീകരിച്ചുവന്നിട്ടുമില്ല. ഏതാനും അനുഭവ സാക്ഷ്യങ്ങൾ നിരത്തി അബദ്ധധാരണകൾ പരത്തിയാൽ കേരളീയരുടെ ആരോഗ്യനിലയാണ് തകരുക. കപടശാസ്ത്രങ്ങളും അന്ധവിശ്വാസങ്ങളും പെരുകുന്നത് നമ്മുടെ സാമൂഹ്യജീവിതത്തിൽ ദുരിതം വിതയ്ക്കും എന്ന കാര്യത്തിൽ സംശയമില്ല.
ചൂഷണം ലക്ഷ്യം വെച്ചുള്ള അന്ധവിശ്വാസങ്ങൾക്കെതിരെ കേരളത്തിൽ ഇപ്പോൾ ഒരു മുന്നേറ്റം നടക്കുകയാണ്. കേരളശാസ്ത്രസാഹിത്യ പരിഷത്തും മറ്റു പല പ്രസ്ഥാനങ്ങളും അതിനു മുന്നിട്ടിറങ്ങിയിട്ടുണ്ട്. അന്ധവിശ്വാസ ചൂഷണങ്ങൾക്കെതിരെ മഹാരാഷ്ട്ര അസംബ്ലിയിൽ പാസ്സാക്കിയതുപോലുള്ള ഒരു നിയമം കേരളത്തിലും നടപ്പാക്കണം എന്ന ആവശ്യമാണ് അവർ ഉയർത്തുന്നത്. ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് ലക്ഷക്കണക്കിന് ആളുകൾ ഒപ്പിട്ട ഒരു ഭീമഹർജി സംസ്ഥാനത്തെ എല്ലാ എം എൽ എമാർക്കും മുഖ്യമന്ത്രിക്കും സമർപ്പിക്കുന്നുണ്ട്. കൂടാതെ, നവംബർ 7 മുതൽ (സി വി രാമന്റെ ജന്മദിനം) ഫെബ്രുവരി 28 വരെ (രാമൻ പ്രഭാവം പ്രഖ്യാപിച്ച ദിനം) കേരളത്തിലുടനീളം ശാസ്ത്രാവബോധ ക്യാമ്പയിനും നടക്കുന്നുണ്ട്. ശാസ്ത്രബോധമുള്ള ഒരു സമൂഹത്തെ വളർത്തിയെടുക്കാനും അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടാനുമുള്ള ഈ ശ്രമത്തിൽ ശാസ്ത്രകേരളത്തിന്റെ വായനക്കാരായ കൂട്ടുകാർ മുൻനിരയിൽത്തന്നെ ഉണ്ടാകും എന്നു ഞങ്ങൾ ആഗ്രഹിക്കുന്നു.