സസ്യങ്ങളിൽ നടക്കുന്ന പ്രവർത്തനമാണ് സ്വേദനം. സസ്യങ്ങൾ പുറത്തേക്ക് വിടുന്ന ജലബാഷ്പം അന്തരീക്ഷത്തെ ഗണ്യമായി സ്വാധീനിക്കുന്നു. പലപ്പോഴും അത് അന്തരീക്ഷസ്ഥിതിയിലും കാലാവസ്ഥയിലും നിർണായകമായ മാറ്റങ്ങൾ വരുത്തുന്നു. മരങ്ങൾ തിങ്ങിവളരുന്ന പ്രദേശങ്ങളിലും വനമേഖലകളിലും സ്വേദനം മൂലം അന്തരീക്ഷോഷ്മാവ് താണനിലയിൽ സ്ഥിതിചെയ്യുന്നത് മഴ പെയ്യാൻ സഹായകരമാകുന്നു.

ജലവിജ്ഞാനീയത്തിൽ ബാഷ്പീകരണം കൊണ്ടും സ്വേദനം വഴിയും നഷ്ടമാകുന്ന ജലത്തിന്റെ അളവ് ഒരുമിച്ചാണ് കണക്കാക്കുന്നത്. ബാഷ്പീകരണ സ്വേദന നഷ്ടം തിട്ടപ്പെടുത്തുക ശ്രമകരമായ ഒരു പ്രവർത്തനമാണ്. ജലവിജ്ഞാനീയവിശകലനത്തിൽ ജലത്തിന്റെ ചാക്രീകപഥത്തിൽ ഭൂമിയിലേക്ക് കിനിഞ്ഞിറങ്ങാത്ത വെള്ളമെല്ലാം 'നഷ്ടമായത്' എന്നാണ് പറയുക. അങ്ങനെ വരുമ്പോൾ ഉപരിതലനീരൊഴുക്കും ബാഷ്പീകരണ - സ്വേദനവും ജലനഷ്ടമായി കണക്കാക്കുന്നു. ഭൂമിക്കടിയിലേക്ക് കിനിഞ്ഞിറങ്ങിയ വെള്ളവും ഉപരിതലത്തിൽ ശേഖരിക്കപ്പെട്ടിട്ടുള്ള വെള്ളവുമാണ് മിച്ചജലം. അതാണ് മനുഷ്യനും സസ്യങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും ഉപകരിക്കുന്ന വെള്ളം.

എന്താണ് സസ്യസ്വേദനം?

സസ്യങ്ങളുടെ വേരുകൾ വലിച്ചെടുക്കുന്ന ജലം കാണ്ഡങ്ങളിലൂടെ സഞ്ചരിച്ച് ഇലകളിലെത്തുകയും അവിടെ നിന്നും ബാഷ്പമായി മാറുകയും ചെയ്യുന്ന പ്രവർത്തനമാണ് സ്വേദനം. ഇലകളിൽ നിന്നും മാത്രമല്ല കാണ്ഡങ്ങളിൽ നിന്നും പൂക്കളിൽ നിന്നും ഇങ്ങനെ ജലം പുറത്തേക്ക് വിടുന്നു. ഇലകളിൽ കാണുന്ന സ്റ്റോമ എന്നു വിളിക്കുന്ന ചെറു സുഷിരങ്ങളിലൂടെയാണ് സസ്യങ്ങൾ ജലം പുറത്തേക്ക് വിടുന്നത്. ഇത് ഒരുതരത്തിലുള്ള 'വിയർക്കൽ' തന്നെയാണ്. നമ്മുടെ ശരീരം വിയർക്കുമ്പോൾ തണുക്കുന്നതുപോലെ സ്വേദനം വഴി സസ്യങ്ങൾക്കുള്ളിലെ താപം നിയന്ത്രിക്കാനാകുന്നു. അതുവഴി സുഖകരമായ ഒരു അന്തരീക്ഷസ്ഥിതി ചെടികൾ സ്വയം സൃഷ്ടിക്കുന്നു.
സ്വേദനം നടക്കുമ്പോൾ സസ്യകോശങ്ങളിലെ ഓസ്‌മോട്ടിക് മർദ (ഓസ്‌മോട്ടിക് പ്രഷർ)ത്തിൽ മാറ്റം വരുകയും ദ്രാവകരൂപത്തിലുള്ള പോഷകങ്ങളുടെ സഞ്ചാരം സുഗമമാകുകയും ചെയ്യും. കേശികബലത്താലാണ് വേരുകൾ വഴി ജലം ഇലകളിലെത്തുന്നത് എന്നു പറയാമെങ്കിലും ചെടികളിലെ ജലശക്തി (വാട്ടർ പൊട്ടൻഷ്യൽ)യുടെ വ്യത്യാസമാണ് പ്രധാന പ്രേരകശക്തി. അതിന് ജലത്തിന്റെ ഗുണധർമങ്ങളായ പറ്റിച്ചേരൽ (Cohesion), ഒട്ടിച്ചേരൽ (Adhesion) എന്നിവ കൂടി സഹായകരമാകുന്നു.
സ്വാഭാവികമായും സസ്യങ്ങളിൽ ഉൾക്കൊണ്ടിരിക്കുന്ന വെള്ളം ഭൂഗുരുത്വബലത്തിന് വിധേയമായി മർദം കൂടിയതായിരിക്കും.
വിശിഷ്യാ നല്ല പൊക്കവും വലുപ്പവുമുള്ള സസ്യങ്ങളിൽ. ഇലകളിലൂടെ ജലനഷ്ടം (സ്വേദനം) നടക്കുമ്പോൾ ജലസ്ഥിതിമർദം (Hydrostatic pressure) ചെടിയുടെ മുകൾഭാഗങ്ങളിൽ കുറയുകയും ജലം ഓസ്‌മോസിസ് വഴി വേരുകളിലൂടെ ആഗിരണം ചെയ്യപ്പെടുകയും കാണ്ഡത്തിലൂടെ ഇലകളിലെത്തിച്ചേരുകയും ചെയ്യുന്നു.
സ്വേദനം ഇങ്ങനെ അനുസ്യൂതം നടക്കാൻ ഇലകൾ അനുവദിക്കില്ല. സ്വേദനത്തെ ഇലകൾ ക്രമീകരിക്കും. പ്രത്യേകിച്ച് വേനൽക്കാലങ്ങളിൽ. സ്വേദനനിരക്കിനെ സ്വാധീനിക്കുന്ന അന്തരീക്ഷഘടകങ്ങളാണ് ജലാർദ്രത, താപനില, കാറ്റിന്റെ വേഗത, സൂര്യപ്രകാശം എന്നിവ. മണ്ണിലെ ഈർപ്പവും താപനിലയും അനുസരിച്ച് സ്വേദനനിരക്കിലും മാറ്റം വരും. ഇവ ഗ്രാഫിന്റെ സഹായത്തോടെ മനസ്സിലാക്കാം (പേജ് 9,10).


എത്ര വെള്ളമാണ് സ്വേദനത്തിലൂടെ ചെടികൾ പുറത്തേക്ക് വിടുന്നത് എന്നത്, മേൽപ്പറഞ്ഞ അന്തരീക്ഷഘടകങ്ങളെ കൂടാതെ ചെടിയുടെ വലുപ്പം, ആഗിരണം ചെയ്ത വെള്ളത്തിന്റെ അളവ്, ഇലകളുടെ എണ്ണം, അവയുടെ വിന്യാസം, വലുപ്പം തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നു.

സ്വേദനം അളക്കാം


സ്വേദനം അളക്കാൻ പലവിധ ഉപകരണങ്ങൾ ഉണ്ട്. ലൈസിമീറ്റർ, പോട്ടൊമീറ്റർ, പോറൊമീറ്റർ തുടങ്ങിയവ.

ലൈസിമീറ്റർ


ലൈസിമീറ്റർ എന്നത് പ്രത്യേകമായി നിർമിച്ചെടുക്കുന്ന ചോർച്ചയില്ലാത്ത ഒരു ടാങ്കാണ്. സാധാരണയായി ചതുരാകൃതിയിലാണ് ഇവ നിർമിക്കുക. സ്വേദന നഷ്ടം കണ്ടുപിടിക്കാൻ ഏതു പ്രദേശത്താണോ ഈ ടാങ്ക് സ്ഥാപിക്കുന്നത് അവിടെ നിന്നുള്ള മണ്ണ് ടാങ്കിൽ നിറച്ചശേഷം ആ പ്രദേശത്ത് വളരുന്ന ചെടിയിനങ്ങൾ ടാങ്കിലെ മണ്ണിൽ നട്ടുവളർത്തുന്നു. ടാങ്കിന്റെ വാവട്ടം കൃഷിയിടത്തിന്റെ തറമട്ടത്തിൽ നിന്ന് അൽപ്പം ഉയർന്നിരിക്കുന്ന രീതിയിൽ അത് മണ്ണിൽ കുഴിച്ചിടുന്നു. പ്രദേശത്തിന്റെ സ്വാഭാവികത നിലനിർത്താനാണ് ഇങ്ങനെ ചെയ്യുന്നത്. വിവിധ കാർഷിക കാലാവസ്ഥാ മേഖലകൾക്കിണങ്ങുന്ന അനേകതരം ലൈസിമീറ്ററുകൾ ശാസ്ത്രകാരന്മാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്. പരമാവധി കൃത്യമായ വിവരങ്ങൾ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മണ്ണ് ആവശ്യത്തിന് നനവുള്ളതാണെങ്കിൽ അധികമായി ജലം മണ്ണിനു വേണ്ടിവരില്ല. ഫീൽഡ് കപ്പാസിറ്റി എന്നാണ് മണ്ണിന്റെ നനവുള്ള അവസ്ഥയ്ക്ക് പറയുക. ഈ ടാങ്കിലേക്ക് പതിക്കുന്ന മഴവെള്ളവും കൃത്രിമമായി നൽകുന്ന ജലസേചനവും എത്രയെന്ന് അളക്കാവുന്നതാണ് സ്വാഭാവികമായും മണ്ണ് ആഗിരണം ചെയ്ത ശേഷം ബാക്കി വരുന്ന വെള്ളം മണ്ണിലുടെ ഊർന്നിറങ്ങും.
ഇങ്ങനെ ടാങ്കിൽ നിന്ന് ഊർന്നിറങ്ങി പുറത്തേക്ക് വരുന്ന വെള്ളത്തിന്റെ അളവ് കൂടി എടുക്കാമെങ്കിൽ ബാഷ്പീകരണ - സ്വേദന നഷ്ടം കണ്ടുപിടിക്കാം.
നമ്മുടെ രാജ്യത്തെ ശരാശരി മഴ 1100 മില്ലീമീറ്റർ ആണ്. അതിലും കൂടുതൽ വെള്ളം ബാഷ്പീകരണ - സ്വേദനം വഴി നഷ്ടപ്പെടുന്നു എന്നറിയുമ്പോഴാണ് ഇതിന്റെ ഗൗരവം മനസ്സിലാകുന്നത്. 1400 മില്ലീമീറ്റർ മുതൽ 1800 മില്ലീമീറ്റർ വരെ ഇങ്ങനെ നഷ്ടപ്പെടുന്നു. രാജ്യത്ത് ബാഷ്പീകരണ - സ്വേദനനഷ്ടം ഏറ്റവും കൂടുതലുള്ളത് ഗുജറാത്തിലെ രാജ്ഘട്ടിലാണ് (2145 മി.മീ). തമിഴ്‌നാടിന്റെ തെക്കു കിഴക്കേ മൂലയിൽ 1800 മി.മീറ്ററിൽ അധികം ബാഷ്പീകരണ - സ്വേദന നഷ്ടം സംഭവിക്കുന്നു. തമിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളിയിൽ ഇത് ഏതാണ്ട് 2090 മി.മീറ്റർ ആണ്. തിരുവനന്തപുരത്ത് 1600 മി.മീറ്റർ ബാഷ്പീകരണ - സ്വേദന നഷ്ടം ഉണ്ടാകുമ്പോൾ വടക്കൻ കേരളത്തിൽ ഏതാണ്ട് 1400 മി.മീറ്റർ ആണ്. പഠനങ്ങൾ കാണിക്കുന്നത് ബാഷ്പീകരണത്തോളം തന്നെ സ്വേദനം വഴിയുള്ള ജലനഷ്ടം സംഭവിക്കുന്നു എന്നാണ്. അന്തരീക്ഷത്തിൽ കാണുന്ന ജലത്തിന്റെ ഏതാണ്ട് പത്ത് ശതമാനം സ്വേദനം വഴി ചെടികൾ പുറത്തേക്ക് വിടുന്ന വെള്ളമാണ്.

 ഒരു സസ്യശാസ്ത്രജ്ഞന്റെ ദൃഷ്ടിയിൽ ചെടിയുടെ വളർച്ചയാണ് പ്രധാനം. കൃഷിക്കാർക്കും അങ്ങനെ തന്നെ. പക്ഷേ, വിവിധ ആവശ്യങ്ങൾക്ക് ജലം ആസൂത്രണം ചെയ്യുന്ന ഒരു വിദഗ്ധനെ സംബന്ധിച്ചിടത്തോളം ബാഷ്പീകരണം മൂലവും സ്വേദനം മൂലവുമുള്ള നഷ്ടം പരമാവധി കുറയ്ക്കാനുള്ള മാർഗങ്ങളാണ് അയാൾ ആരായുക. കുറഞ്ഞ വെള്ളംകൊണ്ട് കൂടുതൽ വിള എന്നതാവട്ടെ നമ്മുടെ ലക്ഷ്യം.