സ്‌കൂളിൽ ആദ്യമിരുന്നത് അഞ്ചാം ക്ലാസിലാണെന്നത് എന്റെ നിറം മങ്ങാത്ത ഓർമയാണ്. അതെ, ഒന്നാംക്ലാസ്സിൽ ചേരുന്നതിന് മുമ്പ് തന്നെ. അമ്മയുടെ അഞ്ചാംക്ലാസ്സിൽ അടുത്ത വീട്ടിലെ ശാരദയോടൊപ്പമാണ് ഞാനിരുന്നത് (ചേച്ചി എന്ന നാമം ഈയുള്ളവന്റെ നിഘണ്ടുവിലന്ന് ഇല്ലായിരുന്നു). അഞ്ചാം ക്ലാസ്സിലെ ഗഹനവിഷയങ്ങൾ കേട്ട് ബോറടിച്ചു ഞാൻ ആരോ സമ്മാനിച്ച കുങ്കുമപ്പൂവിനെ താലോലിക്കാൻ തുടങ്ങി. അതിനെ സ്‌നേഹപൂർവം തലോടിയും ഇടയ്ക്കിടെ മണത്തും ഞാൻ മറ്റൊരു ലോകത്തെത്തി. വലിയുടെ ശക്തി കൂടിയതിനാൽ പൂവ് മൂക്കിലൂടെ മുകളിലോട്ട് കയറിയതും കൊച്ചുമൂക്കിലൂടെ ചോരവരാൻ തുടങ്ങിയതുമെല്ലാം ചരിത്രത്തിന്റെ ഭാഗം. എന്തായാലും അമ്മയുടെ ക്ലാസ് കുളമായി എന്ന് പറഞ്ഞാൽ മതിയല്ലോ.
പിന്നീട്, അതേ അഞ്ചാം ക്ലാസ്സിൽ ഞാൻ അമ്മയുടെ ശിഷ്യനായി. ശാസ്ത്രവും മലയാളവും അഞ്ചാംക്ലാസ്സിൽ എനിക്ക് പകർന്ന് തന്നത് അമ്മട്ടീച്ചറാണ്. ആറാം ക്ലാസ്സിൽ പഠിക്കുന്ന കാലത്ത് ഗുരുദക്ഷിണയായി ഞാൻ അമ്മയെ സഹായിച്ചു. പരീക്ഷപേപ്പർ വാല്വേഷനിൽ ഒറ്റവാക്കിൽ ഉത്തരമെഴുതാനുള്ള ചോദ്യങ്ങളുടെ പരിശോധന എന്റെ വക; ബാക്കി ചോദ്യങ്ങളുടെ പരിശോധന അമ്മ. മാർക്ക് കൊടുക്കുന്നതിൽ അതീവ പിശുക്കനായിരുന്നു ഞാൻ. അക്ഷരപ്പിശാചുകളെ കണ്ടെത്തിയ ഇടങ്ങളിലെല്ലാം മാർക്കുകൾക്ക് പ്രവേശനമില്ലെന്ന് ഉറപ്പിക്കാൻ അതീവജാഗ്രതയാണ് ഞാൻ പുലർത്തിയത്. ഇതെല്ലാം ഏതാണ്ട് അര നൂറ്റാണ്ട് മുമ്പത്തെ ഓർമകൾ. ശാസ്ത്രത്തിന് ഇനിയും ഒട്ടേറെ മുന്നേറാനുള്ള മേഖലകളിലൊന്ന് 'ഓർമ' ആണെന്ന് അരവിന്ദൻ ഡോക്ടർ കഴിഞ്ഞദിവസം സൂചിപ്പിക്കുകയുണ്ടായി. ഹ്രസ്വകാല ഓർമകൾ, ദീർഘകാല ഓർമകൾ ഇവ എങ്ങിനെ സൂക്ഷിക്കപ്പെടുന്നു തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ശാസ്ത്രലോകം ഇനിയും പലതും കണ്ടെത്തേണ്ടതുണ്ടത്രെ. ഞാനപ്പോൾ ഓർത്തത് അമ്മയെക്കുറിച്ചു തന്നെ. അമ്മയ്ക്ക് അവസാനകാലമായപ്പോഴേക്കും ഓർമക്കുറവുണ്ടായിരുന്നു. പറഞ്ഞത് അപ്പോൾ തന്നെ അമ്മ മറക്കും. കോഴിക്കോട്ട് നിന്ന് അമ്മയെ കാണാൻ വീട്ടിൽ ചെല്ലുമ്പോൾ ഞങ്ങൾ ചായ കുടിച്ചത് അമ്മ മറക്കും. ''നിങ്ങൾ വന്നിട്ട് ഒന്നും കഴിച്ചിട്ടില്ലല്ലോ.'' എന്നാവും. ''അയ്യോ ഞങ്ങൾ ചായകുടിച്ചല്ലോ അമ്മേ'' എന്ന് സമാധാനം. ''ഓ കുടിച്ചോ.'' അമ്മയ്ക്ക് സന്തോഷം.
ഒന്നോ രണ്ടോ വാചകങ്ങൾക്ക് ശേഷം അടുത്ത നിമിഷം ഇതേ ചോദ്യം വീണ്ടും പുറത്തുവരികയായി. ചിരിച്ചുകൊണ്ട് മറുപടി തുടരും. പത്തുപതിനഞ്ചു പ്രാവശ്യം ഒരേ ചോദ്യത്തിന് അമ്മയെ സമാധാനിപ്പിക്കുമ്പോഴേക്കും എത്ര ശ്രമിച്ചാലും എന്റെ കൺട്രോൾ പോവാൻ തുടങ്ങും. കുറച്ചുകാലം കൂടി കഴിഞ്ഞപ്പോൾ അമ്മയുടെ ഓർമയിൽ നിന്ന് നാലാമത്തെ പുത്രനായ ഞാൻ ക്ലീൻബൗൾഡ്. ''നിങ്ങടെ മക്കളാരെക്കയാ?'' എന്ന ചെറിയേട്ടന്റെ ചോദ്യത്തിന് അമ്മ ഉത്തരം പറഞ്ഞുതുടങ്ങും. ശ്രീധരൻ (മൂത്തമകൻ), രണ്ടാമത്തെ സന്തതിയായ ലീലയെ വിട്ട് അമ്മ ജനാർദനനെ സാക്ഷ്യപ്പെടുത്തും (ജനാർദ്ദനനായിരുന്നു അമ്മയോടൊപ്പം ഞങ്ങളുടെ തറവാട്ടുവീട്ടിൽ താമസം). ശ്രീധരൻ, ജനാർദ്ദനൻ... ഓർമകളിൽ അൽപ്പനേരം പരതി അമ്മ ലീലയെ കണ്ടെടുക്കും. ഞാൻ തൊട്ടുമുന്നിലിരിക്കുന്നുണ്ടെങ്കിലും എന്റെ പേര് ലിസ്റ്റിലേക്ക് കടന്നുവരാതായി. ഇളയമകൻ എന്ന പ്രത്യേക സ്റ്റാറ്റസ് അനുഭവിച്ചുപോന്ന എന്റെ ഗതിയേ! (എനിക്ക് സ്വന്തമായി വരുമാനമുണ്ടെങ്കിലും വീട്ടിൽ ചെല്ലുമ്പോൾ മറ്റാരും കാണണ്ട എന്ന് പറഞ്ഞ് നൂറും ഇരുനൂറും തരുന്ന അമ്മയാണ്. മറ്റാരും കണ്ടാൽ എന്തെങ്കിലും പ്രശ്‌നമുണ്ടായിട്ടല്ല, ഇളയ സന്താനത്തോടുള്ള പ്രത്യേക മമത രേഖപ്പെടുത്താനുള്ള വഴിയായിരുന്നു അത്. അങ്ങനെയുള്ള ഞാനാണ് മക്കളുടെ ലിസ്റ്റിൽ നിന്ന് ആദ്യം പുറത്തായത്.) എന്റെ കാര്യം മറന്നത് ശരി. പക്ഷേ, ആ നിമിഷം തന്നെ കുമാരനാശാന്റെ ഏതെങ്കിലും കൃതിയിൽ നിന്ന് ഒരുവരി ചൊല്ലി തുടക്കമിട്ടാൽ അമ്മ അതിന്റെ ബാക്കി മുഴുവൻ ചൊല്ലി മുഴുമിപ്പിക്കുമായിരുന്നു (അമ്മ നല്ല ഈണത്തിൽ കവിതകൾ ചൊല്ലുമായിരുന്നു. ''അനുപമകൃപാനിധിയഖിലബാന്ധവൻ ശാക്യ - ജിനദേവൻ...'' എന്തു രസമായിരുന്നു അതൊക്കെ കേൾക്കാൻ). അപ്പോൾ എന്താണ് ഓർമ? മകന്റെ പേര് മറന്നാലും ചെറുപ്പകാലത്ത് ഹൃദിസ്ഥമാക്കിയ കവിതകൾ ഓർമകളിൽ തങ്ങിനിന്നതെങ്ങിനെ?
വയസ്സായില്ലെങ്കിലും ഓർമക്കുറവ് എന്റെയും ഒരു ചെറിയ പ്രശ്‌നമാണ്. പലപ്പോഴും പലതും മറക്കുന്നു. ആളുകളുടെ പേരുകളാണ് അതിൽ പ്രധാനം. എന്റെ സഹപ്രവർത്തകയും കൂട്ടുകാരിയുമായ റുബീനയുടെ പേര് കിട്ടാതെ ഒരു ദിവസം ഞാനെത്ര കുഴങ്ങി. (ഇത് അറിഞ്ഞാൽ അവളിപ്പോൾ പ്രസവിച്ചു കിടക്കുന്ന സ്ഥലത്ത് നിന്ന് വന്ന് എന്റെ തലക്കിട്ട് ഞൊട്ടിയെന്ന് വരും). ഇയ്യിടെ പരീക്ഷയ്ക്ക് വായിച്ചപ്പോഴും ഓർമ വില്ലനായി. വേണ്ട സമയത്ത് എല്ലാം ശൂന്യം!
അപ്പോൾ അമ്മയെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. കാരണം Sometimes I feel like a mother less child. അമ്മ മരിച്ചിട്ട് ഇപ്പോൾ ആറ് വർഷമായി.