തീഗോളമായി നൂറ്റാണ്ടുകൾ പ്രദക്ഷിണംവെച്ച ഭൂമിയുടെ പിറവികാലത്തിന്റെ തെളിവടയാളങ്ങളാണല്ലോ സജീവ അഗ്നിപർവതങ്ങൾ. തീയും പൊടിപടലങ്ങളും പുകയും വമിക്കുന്ന അഗ്നിപർവതമുഖങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ടുപോവുകയാണ് 'ഹോം' എന്ന ഡോക്കുമെന്ററി സിനിമയുടെ ആദ്യസീൻ. ഭൂമിയിൽ ജീവനുത്ഭവിച്ച മഹാസമുദ്രങ്ങളും കാടുകളും ഹിമഭൂമികളും മരുഭൂമികളും ഒക്കെ പിന്നെ നാം കണ്ടുനീങ്ങുന്നു. ഈ ആകാശസഞ്ചാരം നമ്മെ ദശലക്ഷക്കണക്കിനു വർഷങ്ങളിലൂടെ ഉരുത്തിരിഞ്ഞ ജൈവലോകവും ഭൂപ്രകൃതികളും കാണിച്ചുതരുന്നു. പ്രകൃതിയുടെ താളംതെറ്റിച്ചുകൊണ്ട് മനുഷ്യൻ കഴിഞ്ഞ ഒരു നൂറ്റാണ്ടുകൊണ്ട് മാത്രം സൃഷ്ടിച്ച പ്രതിസന്ധികൾ കാണിച്ചുതരുന്നു. അത്യാഗ്രഹികളായ ഒരു ന്യൂനപക്ഷം നടത്തുന്ന പ്രകൃതി ചൂഷണങ്ങൾ, കയ്യേറ്റങ്ങൾ മൂലം ഉണ്ടായ മുറിവുകളുടെ ദുഷ്ഫലങ്ങൾ ഭൂമിയിലെ മറ്റു ജീവികൾക്കും സസ്യങ്ങൾക്കുമൊപ്പം മനുഷ്യവർഗവും അനുഭവിക്കേണ്ടിവന്ന കെടുതികൾ ഇവയൊക്കെ കാട്ടിത്തരുന്നു.
ലക്ഷക്കണക്കിന് ജീവജാലങ്ങളുടെ വീടായ ഈ ഭൂമിയുടെ വർത്തമാനകാല ധർമസങ്കടങ്ങളെ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന ഈ സിനിമ ഫ്രഞ്ച് ഫോട്ടോഗ്രാഫറായ യാൻ ആർതസ് ബെർട്രാൻഡ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. 2009 പരിസ്ഥിതിദിനത്തിൽ പുറത്തിറങ്ങിയ ഈ ഡോക്യുമെന്ററി ചലച്ചിത്രം പകർപ്പവകാശങ്ങൾ ഉപേക്ഷിച്ച് ഏവർക്കും സൗജന്യമായി കാണാനാവുംവിധമാണ് പ്രദർശനത്തിനെത്തിയത്.
വിവിധ ഭൂഖണ്ഡങ്ങളിലെ 54 രാജ്യങ്ങളിൽ ഒന്നര വർഷം സഞ്ചരിച്ചാണ് 488 മണിക്കൂർ ദൈർഘ്യമുള്ള ഫൂട്ടേജുകൾ ഇദ്ദേഹം ഷൂട്ട് ചെയ്തത്. അത് എഡിറ്റ് ചെയ്താണ് ദൃശ്യവിസ്മയമായി രണ്ടുമണിക്കൂർ കാഴ്ചകളാക്കി മാറ്റിയിരിക്കുന്നത്. ക്യാമറാമാൻ, ക്യാമറ എൻജിനീയർ, പൈലറ്റ് എന്നിവർക്കൊപ്പം യാൻ ആർതസ് ബെൾട്രാൻഡ് ഒരു കുഞ്ഞു ഹെലികോപ്റ്ററിൽ യാത്രചെയ്താണ് ഇവ ചിത്രീകരിച്ചത്. ഹെലികോപ്റ്ററിൽ നിന്നും പ്രത്യേക സംവിധാനം വഴി കെട്ടിത്താഴ്ത്തി, പരമാവധി കുലുക്കം ഇല്ലാത്തവിധം സിനിഫ്‌ളെക്‌സ് ഹൈഡെഫനിഷൻ ക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച ഏരിയൽ ഷോട്ടുകൾ നമ്മെ ശരിക്കും വിഭ്രമിപ്പിക്കും. ഒരുപക്ഷിയെപ്പോലെ ഒഴുകിനീങ്ങി കാഴ്ചകൾ കണ്ടുനീങ്ങുന്ന പ്രതീതി ഉണ്ടാക്കും. ഈ ദൃശ്യങ്ങളെ പരസ്പരം ബന്ധിക്കുന്നത് ഗ്ലെൻ ക്ലോസിന്റെ മനോഹരമായ വിവരണവും.
ലക്ഷക്കണക്കിനു വർഷങ്ങളിലൂടെ ജീവിവർഗങ്ങൾ പ്രകൃതിയും കാലാവസ്ഥയും ഒക്കെയായി ഉണ്ടാക്കിയ താളങ്ങൾ എല്ലാം തെറ്റിച്ചത് ആധുനിക മനുഷ്യനാണെന്ന കുറ്റപ്പെടുത്തലാണ് സിനിമയിലുള്ളത്. മാനവ ചരിത്രത്തിൽ നവനാഗരികതയുടെ ആരംഭത്തോടെ വ്യവസായ വിപ്ലവവിശേഷം. പുതിയ സാമ്രാജ്യത്വ-മുതലാളിത്ത സങ്കൽപ്പങ്ങൾ ജൈവലോകത്തെ പിടിച്ചുലച്ചു കഴിഞ്ഞു.
പ്രകൃതിയെ അധികം അലോസരപ്പെടുത്താതെ, വിശപ്പുമാറ്റാനുള്ള ഭക്ഷണത്തിനായും അടിസ്ഥാന ആവശ്യങ്ങൾക്കും വേണ്ടിമാത്രം മണ്ണിനും ഭൂപ്രകൃതിക്കും കാലാവസ്ഥക്കും യോജിക്കുന്ന കൃഷികൾ ചെയ്തുവന്നിരുന്ന മനുഷ്യൻ എത്ര പെട്ടെന്നാണ് മാറിയത്. കൃഷി വ്യവസായമായതോടെ മണ്ണും നീരൊഴുക്കുകളും മാറ്റിമറിച്ചു. കന്നുകാലി വളർത്തൽ പോലും മാംസകൃഷിയായി മാറി. ലോകത്ത് ഉൽപ്പാദിപ്പിക്കപ്പെടുന്ന ധാന്യത്തിന്റെ പകുതിയും ഈ മൃഗങ്ങൾക്കുള്ള കാലിത്തീറ്റകളായി മാറി.
കുറേ ഭാഗം ജൈവഇന്ധനങ്ങളാക്കി മാറ്റി. അപ്പഴും ലോകത്ത് ഒരു ബില്യൻ മനുഷ്യർ ഒരുനേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ പട്ടിണികിടക്കുകയാണ്.
ഒരു കിലോ ഉരുളക്കിഴങ്ങ് ഉൽപ്പാദിപ്പിക്കാൻ നൂറുലിറ്റർ വെള്ളവും, ഒരു കിലോ അരിയുണ്ടാക്കാൻ നാലായിരം ലിറ്റർ വെള്ളവും മാത്രം വേണ്ടപ്പോൾ ഒരു കിലോ ബീഫിനായി പതിമൂവായിരം ലിറ്റർ ജലം ചെലവാക്കുന്നു. അപ്പോഴും ശുദ്ധമായ കുടിവെള്ളം പോലുമില്ലാതെ ദിവസേന അയ്യായിരം പേർ ലോകത്ത് മരിച്ചുവീഴുന്നു.
പുതിയ നഗരങ്ങൾ കൂണുപോലെ വളർന്നുവരുന്നു. ഫോസിൽ ഇന്ധനങ്ങൾ കത്തിച്ചുതീർത്ത് ഹരിതഗൃഹവാതകങ്ങൾ പുറപ്പെടുവിച്ച് ഭൂമിയെ ചൂടുപിടിപ്പിക്കുന്നു. ധ്രുവങ്ങളിലെ മഞ്ഞുപാളികൾ വർഷംതോറും നേർത്തുവരുന്നു. കാലാവസ്ഥാവ്യതിയാനങ്ങൾ, പല ജീവിവർഗങ്ങളേയും വംശഹത്യയിലേക്ക് നീക്കിക്കൊണ്ടിരിക്കുന്നു; കൊടുങ്കാറ്റുകളും, വെള്ളപ്പൊക്കവും വരൾച്ചയും കാട്ടുതീയും ഓരോരിടങ്ങളിൽ കടുത്ത ദുരിതങ്ങൾ വാരിവിതറുന്നു. അതിവേഗത്തിൽ കാടുകൾ ഇല്ലാതാകുന്നു.
ആശകെടുത്തുന്ന, ശുഭപ്രതീക്ഷകളെല്ലാം അസ്തമിച്ചെന്നു തോന്നിക്കുന്ന ദൃശ്യങ്ങളിലൂടെ സിനിമ ഒരു ഘട്ടത്തിൽ നമ്മെ അസ്വസ്ഥതയുടെ മുൾമുനയിലെത്തിക്കുന്നുണ്ട്.
പക്ഷേ ആശക്ക് വകയുണ്ടെന്ന - ശുഭാപ്തിയുടെ നേരിയ ചെറുനാളങ്ങൾ കാണിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ലോകത്ത് പലയിടങ്ങളിലും ഭരണകൂടങ്ങളും ജനങ്ങളും ഈ പോക്ക് നമ്മെ എത്തിക്കാൻ പോകുന്ന മഹാദുരന്തത്തെ ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു. ചെറിയ - വളരെ ചെറിയ തിരുത്തലുകളെങ്കിലും നടത്തി കുറച്ചുകൂടി ഉത്തരവാദിത്വബോധമുള്ള ഉപഭോക്താവാകാൻ ഉപദേശിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ഈ സിനിമയുടെ ഉദ്ദേശശുദ്ധിയെക്കുറിച്ച് ആർക്കും പരാതികളില്ലെങ്കിലും ഇത് നിർമിച്ച പി പി ആർ എന്ന ആഗോളകുത്തക കമ്പനിയുടെ പ്രവർത്തനങ്ങൾ അത്ര ശുദ്ധമല്ലെന്ന വിമർശനമുണ്ട്. ആഡംബര ബ്രാൻഡ് ഉൽപ്പന്നങ്ങളുടെ വിതരണക്കാരായ ഇവർ ഉപദേശവുമായി വരുന്നതിലെ വൈരുധ്യം ചിരിയുണർത്തുന്നതാണ്.
ഫോസിൽ ഇന്ധനങ്ങൾക്കു പകരമായി പല രാജ്യങ്ങളിലും സൗരോർജം, തിരമാലയിൽ നിന്നുള്ള വൈദ്യുതി, കാറ്റാടിപ്പാടങ്ങൾ, എന്നിവയിലൂടെ ഊർജാവശ്യങ്ങൾ നിറവേറ്റാനുള്ള ശ്രമങ്ങൾ നടത്തുന്നതിനെപ്പറ്റി വലിയ പ്രതീക്ഷയോടെ പുകഴ്ത്തുന്നുണ്ട്. എങ്കിലും വിവരണങ്ങളിലെ ചില ബാലിശമായ നിർദേശങ്ങളും അഭിപ്രായങ്ങളുമൊക്കെ സിനിമയുടെ സമഗ്രതയെ ദുർബലപ്പെടുത്തുന്നുണ്ട്.
ഭൂമിയിലെ ഹരിതസ്വർഗങ്ങളും രൗദ്രലോകങ്ങളും നമ്മെ കൂടെകൂട്ടി കാണിക്കുന്നുണ്ട് ഈ സിനിമ. ആരുടെയൊക്കെ സ്വന്തമാണ് ഈ ഭൂമിയെന്ന ചോദ്യം സ്വയം ചോദിക്കാൻ ഈ കാഴ്ചകൾ നമ്മെ നിർബന്ധിക്കും. മനുഷ്യന്റെ മാത്രമല്ല ഭൂമി എന്ന ഉത്തരം നമ്മെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്യും.