വൈമാനിക ചരിത്രത്തിലെ ഉജ്വലമായ ഏടുകൾ സൃഷ്ടിച്ച ഒരു വ്യക്തിയായിരുന്നു ആൽബർട്ടോ സാന്റോസ് ഡ്യുമോങ്ങ്. തെക്കുകിഴക്കൻ ബ്രസീലിലെ പൾമിര നഗരത്തിന് സമീപത്തെ കബാൻഗുഫാമിൽ 1823 ജൂലൈ 20ന് ആൽബർട്ടോ ജനിച്ചു. സാവോപോളോ സംസ്ഥാനത്തെ വളരെ വലിയൊരു കാപ്പി എസ്റ്റേറ്റ് സ്വന്തമായുള്ള കുടുംബത്തിലായിരുന്നു ജനനം. കുടുംബത്തിലെ എട്ടുമക്കളിൽ ആറാമനായിരുന്നു ആൽബർട്ടോ. അച്ഛൻ ഫ്രഞ്ചുകാരനായ ഒരു എഞ്ചിനീയറായിരുന്നു. ജോലിഭാരം കുറയ്ക്കാവുന്നതും ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതുമായ നിരവധി ഉപകരണങ്ങൾ അദ്ദേഹം തന്റെ കൃഷിയിടത്തിൽ ഉപയോഗിച്ചിരുന്നു. ഇത് അദ്ദേഹത്തിന് മറ്റു കർഷകരിൽ നിന്ന് വ്യത്യസ്തമായി വൻലാഭം ഉണ്ടാക്കിക്കൊടുത്തു. ബ്രസീലിലെ 'കാപ്പിരാജാവ്' എന്നാണ് അദ്ദേഹം അറിയപ്പെട്ടത്.
തങ്ങളുടെ തോട്ടത്തിൽ ഉപയോഗിച്ചിരുന്ന ആവിയന്ത്രം കൊണ്ടുള്ള ട്രാക്ടറുകളും ലോക്കോമോട്ടീവുകളുമായി ചെറു പ്രായത്തിൽ തന്നെ ആൽബർട്ടോ സാന്റോസ് പരിചയിച്ചു. യന്ത്രങ്ങളുമായി ഒരു പ്രത്യേക മമത അദ്ദേഹത്തിൽ വളർന്നുവന്നു. ശാസ്ത്രകൽപ്പിത കഥാകാരൻ ജൂൾവേണിന്റെ ആരാധകനായിരുന്നു ആൽബർട്ടോ. തന്റെ പത്താം ജന്മദിനത്തിനു മുമ്പു തന്നെ ജൂൺവേണിന്റെ എല്ലാ പുസ്തകങ്ങളും ആൽബർട്ടോ വായിച്ചുതീർത്തു. വെയിലുള്ള വൈകുന്നേരങ്ങളിൽ തങ്ങളുടെ തോട്ടത്തിൽ വെച്ച് ബ്രസീലിലെ അതിശയിപ്പിക്കുന്ന ആകാശം നോക്കിയിരിക്കുമ്പോഴായിരുന്നു പറക്കൽ എന്ന മോഹം തന്റെ മനസ്സിൽ രൂഢമൂലമായതെന്ന് അദ്ദേഹം തന്റെ ആത്മകഥയിൽ വ്യക്തമാക്കുന്നുണ്ട്.
അക്കാലത്തെ ധനികകുടുംബങ്ങളിലെ രീതിയനുസരിച്ച് വീട്ടിൽ വെച്ചായിരുന്നു ആൽബർട്ടോ വിദ്യാഭ്യാസം തുടങ്ങിയത്. അതിനുവേണ്ടി സ്വകാര്യ അധ്യാപകരെ നിയോഗിക്കുകയായിരുന്നു പതിവ്. ബ്രസീലിലെ വലിയ നഗരങ്ങളിലെ സ്‌കൂളുകളിലായിരുന്നു കൊച്ചു ആൽബർട്ടോവിന്റെ സെക്കണ്ടറി വിദ്യാഭ്യാസം.
1891ൽ ആൽബർട്ടോവിന്റെ പിതാവ് ചില മെഷിനറികൾ പരിശോധിച്ചുകൊണ്ടിരിക്കെ ഒരു അപകടത്തിൽപ്പെട്ടു. ഇത് അദ്ദേഹത്തെ ശാരീരികമായി ഉലച്ചുകളഞ്ഞു. കൃഷി തുടർന്നുകൊണ്ടുപോകാൻ വിഷമിച്ച അദ്ദേഹം തന്റെ തോട്ടം വിൽക്കുകയും കുടുംബത്തോടൊപ്പം യൂറോപ്പിലേക്ക് പോവുകയും ചെയ്തു. പാരീസിലായിരുന്നു പിന്നീടുള്ള കാലം അവർ കഴിഞ്ഞത്. അവിടെവെച്ച് ആൽബർട്ടോ ഭൗതികശാസ്ത്രം, രസതന്ത്രം, മെക്കാനിക്‌സ്, ഇലക്ട്രിസിറ്റി എന്നിവ പഠിച്ചു.
ആൽബർട്ടോ ആദ്യമായി ബലൂൺയാത്ര നടത്തിയത് 1897ൽ ആയിരുന്നു. രണ്ടു മണിക്കൂർ നേരത്തെ യാത്രയിൽ അദ്ദേഹം ഏതാണ്ട് 100 കിലോമീറ്റർ സഞ്ചരിച്ചു. ട്രെയിനിൽ തിരിച്ചുവരുമ്പോൾ ബലൂൺ യാത്രയിൽ ആവേശം കയറിയ അദ്ദേഹം പുതിയൊരു ബലൂൺ വാഹനത്തിന് ഓർഡർ ചെയ്യാൻ തീരുമാനിച്ചുകഴിഞ്ഞിരുന്നു.
നിരവധി ബലൂൺ യാത്രകൾക്കുശേഷം ആൽബർട്ടോ നിയന്ത്രണവിധേയമായ ബലൂണുകൾ രൂപകൽപ്പന ചെയ്യുന്നതിൽ വ്യാപൃതനായി. കാറ്റിനനുസരിച്ച് ഒഴുകുന്നതിനു പകരം ഒരു ഇലക്ട്രിക് മോട്ടോറിന്റെ സഹായത്താൽ പറക്കുന്ന ഒരു വാഹനം അദ്ദേഹം നിർമിച്ചു. എന്നാൽ ആദ്യത്തെ രണ്ടെണ്ണവും പരാജയപ്പെട്ടു. 1899 ആയതോടെ അദ്ദേഹം രൂപകൽപ്പന ചെയ്ത് നിർമിച്ച വാഹനത്തിൽ നിരവധി യാത്രകൾ നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞു.
വായുവിനേക്കാൾ ഭാരംകുറഞ്ഞ വാഹനങ്ങളിൽ നിരവധി പരിഷ്‌ക്കാരങ്ങൾ വരുത്താൻ ആൽബർട്ടോ സാന്റോസ് ശ്രമിച്ചു. 1901 ആഗസ്റ്റിൽ അദ്ദേഹം വലിയൊരു ബലൂൺവാഹനത്തിൽ സഞ്ചരിക്കവേ അതിലെ ഹൈഡ്രജൻ വാതകം ചോരാൻ തുടങ്ങി. പാരീസിലെ ഒരു ഹോട്ടലിന്റെ മേൽക്കൂരയിലാണ് ആ യാത്ര അവസാനിച്ചത്. ഒരു ബാസ്‌കറ്റിൽ ഹോട്ടലിന് വശത്ത് തൂങ്ങിക്കിടന്ന ആൽബർട്ടോവിനെ ഫയർഫോഴ്‌സിന്റെ സഹായത്താൽ രക്ഷപ്പെടുത്തി. അദ്ദേഹത്തിന്റെ ബലൂൺ വാഹനം വീണ്ടും ഉപയോഗിക്കാൻ പറ്റാത്തവിധം കേടുവന്നിരുന്നു.
1901 ഒക്ടോബർ 19ന് 30 മിനുട്ടുകൊണ്ട് പാർക്ക് സെയ്ന്റ് ക്ലൗഡിൽ നിന്ന് പുറപ്പെട്ട് ഈഫൽഗോപുരം ചുറ്റി 30 മിനുട്ടിനുള്ളിൽ ആൽബർട്ടോ തിരിച്ചെത്തി. ഇത് അദ്ദേഹത്തെ ഡ്യൂഷെ ഡിലാ പ്രൈസിന് അർഹനാക്കി. ഇതിന് ലഭിച്ച സമ്മാനത്തുക അദ്ദേഹം പാരീസിലെ പാവങ്ങൾക്ക് നൽകുകയായിരുന്നു.
സമ്മാനം ലഭിച്ചതോടെ ആൽബർട്ടോ ആഗോളപ്രശസ്തനായി. തുടർന്ന് ഏവിയേഷൻ രംഗത്തെ നിരവധി പുരസ്‌കാരങ്ങൾ അദ്ദേഹം നേടിയെടുത്തു.
ഇതിനിടയിൽ അദ്ദേഹത്തിന്റെ താൽപ്പര്യം വായുവിനേക്കാൾ ഭാരമുളള വ്യോമയാനങ്ങളിലേക്ക് തിരിഞ്ഞു. 1906 ഒക്ടോബർ 23ന് തന്റെ സ്വപ്നം സാക്ഷാത്കരിച്ചുകൊണ്ട് വായുവിനേക്കാൾ ഭാരമേറിയ ഒരു വാഹനത്തിൽ അദ്ദേഹം 60 മീറ്റർ ദൂരം പറന്നു. നിരവധി പേരുടെ സാന്നിധ്യത്തിൽ നടന്ന ഈ പറക്കൽ യൂറോപ്പിലെ ആദ്യത്തെ പറക്കലായി ഫ്രാൻസിലെ എയ്‌റോക്ലബ് രേഖപ്പെടുത്തി. 1906 നവംബർ 12ന് 220 മീറ്റർ പറന്നുകൊണ്ട് ആൽബർട്ടോ ലോകറെക്കോർഡും സ്ഥാപിച്ചു. വ്യോമയാന മേഖലയിൽ നിരവധി റക്കോർഡുകൾ സൃഷ്ടിച്ചുകൊണ്ട് അദ്ദേഹം ഈ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു.
1910 ജനുവരി 4ന് അദ്ദേഹം നടത്തിയ യാത്ര ഒരു അപകടത്തിൽ കലാശിച്ചു. അതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ പറക്കൽ. ഏതാനും മാസങ്ങൾക്കുശേഷം അദ്ദേഹം ഗുരുതരമായ രോഗം ബാധിച്ച് കിടപ്പിലായി. തന്റെ വർക്ക്‌ഷോപ്പ് അടച്ചുപൂട്ടി ജോലിക്കാരെയൊക്കെ ഒഴിവാക്കി അദ്ദേഹം പാരീസ് വിട്ട് കടൽത്തീരത്തിനടുത്ത ഒരു ഗ്രാമത്തിലേക്ക് താമസംമാറി. അസ്‌ട്രോണമി ഒരു ഹോബിയാക്കി കൊച്ചുകൊച്ചു ടെലിസ്‌കോപ്പുമായി നക്ഷത്രനിരീക്ഷണമൊക്കെ നടത്തി അദ്ദേഹം അവിടെ കഴിഞ്ഞു. എന്നാൽ ടെലിസ്‌കോപ്പുമായി നടക്കുന്നതുകണ്ട് അദ്ദേഹത്തെ ഒരു ജർമൻ ചാരനായി ആളുകൾ തെറ്റിദ്ധരിച്ചു. മിലിറ്ററി പോലീസ് അദ്ദേഹത്തിന്റെ താമസസ്ഥലം പരിശോധിച്ചു. ഇത് അദ്ദേഹത്തിന് വലിയതോതിൽ മനപ്രയാസം ഉണ്ടാക്കി. അദ്ദേഹം തന്റെ മുറിയിൽ സകലതും, നിരവധി പ്ലാനുകളും സ്‌കെച്ചുകളുമടക്കം തീയിട്ടു നശിപ്പിച്ചുകളഞ്ഞു.
1928ൽ ആൽബർട്ടോ തിരിച്ച് ബ്രസീലിലേക്ക് പോയി. റയോഡി ജനീറോയ്ക്ക് സമീപം ഒരു ചെറിയ വീട്ടിൽ അദ്ദേഹം താമസിച്ചു.
ഗുരുതരമായ രോഗം ബാധിച്ചതിനെത്തുടർന്ന് അദ്ദേഹം ആകെ നിരാശനായി. അതേ സമയം തന്നെ യുദ്ധത്തിൽ വിമാനങ്ങൾ ഉപയോഗിച്ചതും അദ്ദേഹത്തെ സങ്കടത്തിലാഴ്ത്തി. ഈയവസ്ഥയിൽ 1932 ജൂലൈ 23ന് അദ്ദേഹം ആത്മഹത്യചെയ്തു.