ചിത്രങ്ങൾ
വിലയിരുത്തേണ്ടതെങ്ങനെ?


സ്‌കൂളിലെ ചിത്രരചനാ മത്സരം. കുട്ടികൾ പ്രകൃതി, മനുഷ്യൻ, സാങ്കൽപ്പിക കഥാപാത്രങ്ങൾ തുടങ്ങി പലതും വരച്ചു. ഒന്നാം സമ്മാനം ലഭിച്ചത് ഒരു ഏഴാംക്ലാസ്സുകാരൻ വരച്ച ചിത്രത്തിനായിരുന്നു.
കരിമ്പ് തിന്നുകൊണ്ടിരിക്കുന്ന ഒരു ബാലന്റെ ചിത്രം. സമ്മാനദാനത്തിനിടെ ചിത്രത്തെ വിലയിരുത്തിക്കൊണ്ട് പ്രധാന അധ്യാപകൻ പറഞ്ഞു.
''ഈ ചിത്രത്തിൽ ബാല്യത്തിന്റെ നിസ്സഹായത മുറ്റിനിൽക്കുന്നു. കരിമ്പ് തിന്നുകൊണ്ടിരിക്കുന്ന ആ ബാലന്റെ മുഖത്തെ ഭാവത്തിൽ നിന്നും അവന്റെ വിശപ്പിന്റെ തീവ്രത മനസ്സിലാക്കാം. അവന്റെ മെലിഞ്ഞുണങ്ങിയ ശരീരം ആവശ്യത്തിന് പോഷണം ലഭിക്കാത്ത എല്ലാ കൊച്ചുകുട്ടികളെയും ഓർമിപ്പിക്കുന്നു...''
പ്രസംഗം നീണ്ടു. അനുമോദനങ്ങളും വിലയിരുത്തലുകളും കുട്ടിയെ അസ്വസ്ഥനാക്കി. അവസാനം കുട്ടിക്ക് സംസാരിക്കാൻ ഒരവസരം കിട്ടി. അവൻ നന്ദിക്ക് പകരം ഇങ്ങനെ പറഞ്ഞു.
''ഞാൻ ഓടക്കുഴൽ വായിക്കുന്ന
കൃഷ്ണനെയാണ് വരച്ചത്.''

 

എല്ലാവരും ശാസ്ത്രജ്ഞർ.


ഭൂമിക്കു ചുറ്റും സഞ്ചരിക്കുന്ന കൃത്രിമഉപഗ്രഹങ്ങളിലൂടെ, ശാസ്ത്രജ്ഞർ നിരന്തരം മേഘങ്ങളെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നുണ്ട്. പക്ഷേ കൃത്രിമോപഗ്രഹങ്ങൾ മേഘങ്ങളുടെ മുകൾവശം മാത്രമല്ലേ കാണൂ. താഴെ നിന്നുള്ള കാഴ്ച കൂടി കിട്ടിയാലോ? മേഘങ്ങളെക്കുറിച്ചുള്ള പഠനത്തിന് വളരെ സഹായകരമായിരിക്കും അത്. പക്ഷേ, താഴെ നിന്നുള്ള ദൃശ്യം എങ്ങനെ കിട്ടും? മാനത്തുള്ള ഉപഗ്രഹത്തിനൊപ്പം താഴെ സഞ്ചരിച്ച് ഫോട്ടോയെടുക്കാൻ ആർക്കു കഴിയും? ഭ്രമണപഥത്തിലെ സഞ്ചാരത്തിന് ഉപഗ്രഹത്തിന് ഊർജമൊന്നും വേണ്ട. ഭൂമിയിലെ സഞ്ചാരം അങ്ങനെയല്ലല്ലോ. ഉപഗ്രഹപഥങ്ങൾക്കു കീഴെ ഭൂമിയിൽ നിരീക്ഷണനിലയങ്ങൾ പണിതാലോ? ചിന്തിക്കാനേ പറ്റാത്തത്ര ചെലവേറിയതായിരിക്കും അത്തരമൊരു പദ്ധതി.
ഒരു എളുപ്പവഴിയുണ്ട്. നാട്ടിൽ പലരുടെ കയ്യിലും ക്യാമറയുണ്ടല്ലോ. കണ്ടതിന്റെയൊക്കെ ഫോട്ടോയെടുത്ത് ഫേസ്ബുക്കിലും വാട്‌സാപ്പിലുമൊക്കെ ഇടലാണല്ലോ പലരുടെയും ഹോബി. ഉപഗ്രഹങ്ങൾ തലയ്ക്കുമേലെ വരുന്ന സമയം നോക്കി നമ്മളൊക്കെ മേഘങ്ങളുടെ ഫോട്ടോയെടുത്ത് ശാസ്ത്രജ്ഞർക്കു കൊടുക്കുക. അങ്ങനെയൊക്കെ നടക്കുമോ എന്ന് സംശയിക്കണ്ട. നാസയുടെ ലാങ്ഗ്‌ലീ ഗവേഷണകേന്ദ്രം അതിനുള്ള വഴി ഒരുക്കിയിട്ടുണ്ട്. ഇന്റർനെറ്റിൽ http://science-edu.larc.nasa.gov/SCOOL/ എന്ന വിലാസത്തിൽ പോവുക. നിങ്ങളുടെ പ്രദേശത്തിന്റെ അക്ഷാംശവും രേഖാംശവും ഉൾപ്പെടെ ചില വിവരങ്ങൾ നൽകിയാൽ, നാസാ ഉപഗ്രഹങ്ങൾ നിങ്ങളുടെ പ്രദേശത്തിനു മീതെ കടന്നുപോകുന്ന സമയവും മറ്റ് വിവരങ്ങളും അറിയാം. ഓരോ ഉപഗ്രഹത്തിന്റെയും സമയം വ്യത്യസ്തമായിരിക്കും. സൗകര്യപ്രദമായ ഉപഗ്രഹം തെരഞ്ഞെടുക്കുക. നിശ്ചിത സമയങ്ങളിൽ ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്യുക. അങ്ങനെ, മേഘങ്ങളെ മനസ്സിലാക്കാൻ ശാസ്ത്രജ്ഞരെ സഹായിക്കുക. ഒറ്റയ്‌ക്കൊറ്റയ്‌ക്കോ അധ്യാപകരുടെ നേതൃത്വത്തിൽ സ്‌കൂളിലെ കുട്ടികൾക്ക് ഒരുമിച്ചോ പ്രവർത്തനത്തിൽ ഏർപ്പെടാനുള്ള സൗകര്യം സൈറ്റ് നൽകുന്നുണ്ട്.
അപ്പോ തുടങ്ങുകയല്ലേ?


ജെലഡ.


ശാസ്ത്രനാമം : തെറോപിത്തെക്കസ് ജെലഡ (Theropithecus gelada)
ജെലഡ ബബൂൺ എന്ന പേരിലും ചിലപ്പോൾ വിളിക്കുന്ന ഈ സ്പീഷിസ് പഴയകാല കുരങ്ങുകളുടെ ഗണത്തിൽപ്പെടുന്ന ജീവിയാണ്. എത്യോപ്യയിൽ മാത്രമാണിവയെ കാണുന്നത്. അവിടുത്തെ സെമിയൻ പർവത പ്രദേശത്താണ് ഇവ ഏറെയുള്ളത്. പർവതങ്ങൾക്കിടയിലെ പുൽമേടുകളാണ് ഇവയുടെ ഇഷ്ടസ്ഥലം. സമുദ്രനിരപ്പിൽ നിന്ന് ഏതാണ്ട് 1800 - 4400 മീറ്റർ ഉയരങ്ങളിലാണ് ഇവ വസിക്കുന്നത്. പർവതച്ചെരിവുകളിലെ പാറക്കെട്ടുകളിലാണ് ഇവയുടെ ഉറക്കം.
ഇരുണ്ട തവിട്ടുനിറമുള്ള രോമാവരണമാണ് ജെലഡകൾക്കുള്ളത്. ഇരുനിറത്തിലുള്ള മുഖത്ത് രോമങ്ങളില്ല. കൈകളും കാലുകളും കറുത്തിട്ടാണ്. നെഞ്ചിലുള്ള തിളക്കമേറിയ വെള്ള അടയാളം ഇവയെ എളുപ്പം തിരിച്ചറിയാൻ സഹായിക്കുന്നു. ആണിൽ ഈ അടയാളം തിളങ്ങുന്ന ചുവപ്പുനിറത്തിലായിരിക്കും. ചുറ്റിലും വെള്ളരോമങ്ങൾ കാണും.
ആൺ ജെലഡകൾക്ക് ശരാശരി 18.5 കിലോഗ്രാം ഭാരമുണ്ടായിരിക്കും. പെൺ ജെലഡകൾ താരതമ്യേന ചെറുതാണ്. അവയ്ക്ക് ശരാശരി 11 കിലോഗ്രാം ഭാരമേയുള്ളൂ. തലമുതൽ ശരീരനീളം 50-75 സെന്റീമീറ്ററാണ്. വാലിന് 30-50 സെന്റീമീറ്റർ നീളം വരും. ഏതാണ്ട് 20 വർഷം വരെയാണ് ആയുർദൈർഘ്യം.
പ്രൈമേറ്റുകളിൽ പുല്ല് പ്രധാന ഭക്ഷണമാക്കിയ ഏക ജീവിയാണ് ജെലഡ. അവയുടെ ഭക്ഷണത്തിന്റെ 90 ശതമാനവും പുല്ല് തന്നെയാണ്. പുല്ലിന്റെ ഇലകളും വിത്തുകളും ആണ് പ്രധാന ഭക്ഷണം. പൂക്കൾ, കിഴങ്ങുകൾ, ചെറിയ സസ്യങ്ങൾ, വള്ളികൾ, പഴങ്ങൾ തുടങ്ങിയവയും ഇവ ഭക്ഷണത്തിനായി ആശ്രയിക്കുന്നു.
ജെലഡകൾ പൊതുവേ സംഘങ്ങളായാണ് വസിക്കുന്നത്. പല വലിപ്പത്തിലുള്ള സംഘങ്ങൾ ഇവയ്ക്കിടയിലുണ്ട്. കൊച്ചു ഗ്രൂപ്പുകൾ ചേർന്ന് വലിയ സംഘങ്ങളുണ്ടാക്കുന്നതും ഇവയുടെ പ്രത്യേകതയാണ്. ഇത്തരം വലിയ സംഘങ്ങൾ ചേർന്നുള്ള സമൂഹങ്ങളും ഇവയ്ക്കിടയിലുണ്ട്. സംഘത്തിലെ ഏറ്റവും ചെറിയ യൂണിറ്റ് പ്രത്യുൽപ്പാദന യൂണിറ്റാണ്. അവയിൽ 12 വരെ പെൺ ജെലഡകളും 4 വരെ ആൺ ജലഡകളും അവയുടെ കുഞ്ഞുങ്ങളും ഉണ്ടായിരിക്കും. ഈ പ്രാഥമിക ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിൽ ശക്തമായ സാമൂഹ്യബന്ധം നിലനിൽക്കുന്നതു കാണാം. വഴക്കുകൾ ഇത്തരം ഗ്രൂപ്പിൽ അപൂർവമായിരിക്കും.
ജെലഡകൾക്ക് പ്രത്യേക പ്രജനനകാലമില്ല. രാത്രിയാണ് മിക്ക പ്രസവവും നടക്കുന്നത്. നവജാതശിശുവിന് ചുവന്ന മുഖമായിരിക്കും. കണ്ണുകൾ അടഞ്ഞിരിക്കും. ശരീരം മുഴുവൻ കറുത്ത രോമാവരണമുണ്ടായിരിക്കും. ആദ്യത്തെ രണ്ടാഴ്ച കുഞ്ഞ് അമ്മയുടെ വയറിൽ അള്ളിപ്പിടിച്ചിരിക്കും. പിന്നീട് അവ അമ്മയുടെ പുറത്തേയ്ക്ക് സ്ഥാനംമാറും. അഞ്ചുമാസം കഴിയുമ്പോൾ മാത്രമാണ് കുഞ്ഞുങ്ങൾ സ്വന്തമായി സഞ്ചരിക്കാൻ തുടങ്ങുക.വ്യത്യസ്ത തരത്തിലുള്ള ശബ്ദങ്ങൾ പുറപ്പെടുവിച്ചുകൊണ്ടാണ് ഇവ ആശയവിനിമയം നടത്തുന്നത്. ആംഗ്യങ്ങൾ ഉപയോഗിക്കുന്ന പതിവും ഉണ്ട്.
നിലനിൽപ്പ് വലിയ അപകടത്തിലല്ലെങ്കിലും അവയുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായിട്ടുണ്ട്. 1970ൽ 4,40,000 ജെലഡകൾ ഉണ്ടായിരുന്നു. എന്നാൽ 2008ൽ ഇവയുടെ എണ്ണം ഏകദേശം 2,00,000 ആയി കുറഞ്ഞു. കൃഷിവ്യാപനത്തിലൂടെ അവയുടെ ആവാസമേഖല ശോഷിക്കുന്നതും വേട്ടയാടപ്പെടുന്നതുമാണ് ഇവ നേരിടുന്ന പ്രധാന ഭീഷണി.

മരങ്ങൾ നട്ട മനുഷ്യൻ


ജീൻ ഗിയാനോ എന്ന ഫ്രഞ്ച് എഴുത്തുകാരൻ ആൽപ്‌സ് പർവതത്തിന്റെ ചരുവിലെ മരുഭൂമിയിലൂടെ ഒറ്റയ്ക്ക് യാത്രചെയ്യുകയായിരുന്നു. കുടിവെള്ളത്തിനായി അലയുന്നതിനിടെ ഒരു ആട്ടിടയനെ കണ്ടു. ദാഹിച്ചുവലഞ്ഞ ഗിയാനോവിന് അയാൾ വെള്ളം കൊടുത്തു. അന്ന് രാത്രി അയാളോടൊപ്പം താമസിപ്പിച്ചു.
''എൽസിയാഡ് ബോഫിയർ'' അയാൾ പരിചയപ്പെടുത്തി. ഭാര്യയും മകനും നഷ്ടപ്പെട്ട് ഈ മരുഭൂമിയിൽ ഒറ്റയ്ക്ക് താമസിക്കുന്ന അമ്പത്തഞ്ചുകാരൻ എഴുത്തുകാരന് ഒരു വിസ്മയമായി.
രാത്രി ബോഫിയർ ഓക്ക് വിത്തുകൾ പരിശോധിച്ച് നല്ലത് തെരഞ്ഞെടുക്കുന്നത് കണ്ടു. പിറ്റേന്ന് വിത്തുമായി പുറത്തിറങ്ങി. അയാൾ മരുഭൂമിയിൽ കുഴികുത്തി വിത്തുകളെ മണ്ണിൽ പുതപ്പിച്ചു.
വർഷങ്ങൾക്കുശേഷം എഴുത്തുകാരൻ അവിടം സന്ദർശിച്ചപ്പോൾ മരുഭൂമി പച്ചപുതച്ച് തുടങ്ങിയിരുന്നു. മരംനടുന്ന മനുഷ്യൻ അപ്പോഴും ജോലി തുടർന്നുകൊണ്ടിരുന്നു. കഥ പിന്നെയും തുടരുന്നു. ഓക്കുമരങ്ങളും ബീച്ചുമരങ്ങളും ഫോറസ്റ്റ് ഗാഡുമാരും മരംമുറിക്കുന്നവരും തുടർന്ന് കഥയിലേക്ക് വരുന്നു.
മനോഹരമായ ഈ കഥ, ങമി ംവീ ുഹമിലേറ ൃേലല െഎന്ന പുസ്തകത്തിനെ മരങ്ങൾ നട്ട മനുഷ്യൻ എന്ന പേരിൽ കെ അരവിന്ദാക്ഷൻ മലയാളത്തിലേക്ക് വിവർത്തനം നടത്തിയിരിക്കുന്നു. പ്രസാധനം ആൾട്ടർ മീഡിയ. വില Rs. 25